തിരുവനന്തപുരം: സംസ്ഥാനത്തെ സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇന്നത്തേക്കാള്‍ രൂക്ഷമായ എല്‍നിനോയും മഴക്കുറവും നേരിട്ടിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കുകയാണ് ചെയ്തത്. മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി സ്വാപ്പിംഗ് കരാറുകള്‍ ഉണ്ടാക്കി പ്രതിസന്ധി മറികടന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രതിദിന ഉപഭോഗം 115-116 എം യു യും പീക്ക് ഡിമാന്‍ഡ് 6100 എം ഡബ്ല്യു യു യും എത്തിയപ്പോള്‍ പോലും പവര്‍കട്ട് ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ ഡിമാന്‍ഡ് വെറും 4800-4900 എം ഡബ്ല്യു (8586 എം യു) ആയി കുറഞ്ഞിട്ടും ആവശ്യത്തിനുള്ള വൈദ്യുതി പോലും ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. ഡിമാന്‍ഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല. മെയ് പകുതിയോടെയും ജൂണ്‍ ആദ്യവാരത്തിലും തന്നെ ഈ പ്രതിസന്ധിയുടെ പ്രാരംഭ സൂചനകള്‍ വ്യക്തമായിരുന്നുവെങ്കിലും സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടിയത്. കര്‍ണാടക ജൂലൈ മാസത്തില്‍ 9.08 രൂപക്ക് പുറത്തേക്ക് വൈദ്യുതി വിറ്റിട്ടുണ്ട്. കേരളം 10 രൂപക്ക് മുകളില്‍ കൊടുക്കാന്‍ തയ്യാറായിട്ടും കിട്ടുന്നില്ല എന്നാണ് മന്ത്രിമാര്‍ പറയുന്നത്. സ്വന്തം പാര്ട്ടിക്കാര് ഭരിക്കുന്ന അയല്‍ സംസ്ഥാനവുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ സര്‍ക്കാര്‍ എത്രത്തോളം പരാജയമാണ്. കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാന്‍ മുന്‍ സര്‍ക്കാരിന്റെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് ശ്രമം. 465 മെഗാവാട്ടിന്റെ ദീര്‍ഘകാല പവര്‍ പര്‍ച്ചേസ് കരാര്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന യു ഡി എഫിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ? 2015 ല്‍ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീര്‍ഘകാല കരാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെയായിരുന്നു. കെ എസ് ഇ ബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷന് കരാര്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. അന്നത്തെ റഗുലേറ്ററി കമ്മീഷനാവട്ടെ യു ഡി എഫ് നിയമിച്ചതുമാണ്. പിന്നീട് അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ആ കരാര്‍ പ്രകാരമുള്ള വൈദ്യുതി നഷ്ടമാവാതിരിക്കാനാണ് ഇടപെട്ടത്. സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് കരാര്‍ പുനഃസ്ഥാപിക്കാന്‍ നയപരമായ തീരുമാനമെടുത്തതിനെ തുടര്‍ന്ന് താത്ക്കാലികമായി വൈദ്യുതി വാങ്ങാന്‍ മാത്രം അനുമതി ലഭിച്ചു. അപ്പലറ്റ് ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് കരാര്‍ ഇല്ലാതായപ്പോഴും കരാര്‍ പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതിയെ വരെ സമീപിച്ചു പോരാടുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ മേഖലയെ രക്ഷകരായി അവതരിപ്പിക്കാനാണ് അണിയറയിലെ നീക്കങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Post navigation ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണം: ഹൈക്കോടതി ബ്രിക്സ് ഉച്ചകോടിക്കിടെ പുടിന് തിരുക്കുറൾ റഷ്യൻ പരിഭാഷ സമ്മാനിച്ച് മോദി