✍️ ലിബി.സി.എസ് കേരളത്തിലെ നാരയണഗുരുവിൻറെ ആശയങ്ങളെയും ചിന്തകളെയും അതിന് മുൻപ് ജീവിച്ചിരുന്ന ആരുടെയെങ്കിലും ആശയങ്ങളുമായി ഒരു താരതമ്യ പഠനം നടത്തിയാൽ ഏറെക്കുറെ സമാന ചിന്തകളായി എനിക്ക് തോന്നിയിട്ടുള്ളത് 12 ആം നൂറ്റാണ്ടിൽ ജീവിച്ച ബസവണ്ണയുടെ ആശയങ്ങളുമായിട്ടാണ്. നാരായണീയന്മാർ ഇങ്ങനെ പറഞ്ഞതിന് എൻറെ മെക്കിട്ട് കയറേണ്ട ഞാൻ എൻറെ അഭിപ്രായമാണ് പറഞ്ഞത്. അദ്ദേഹം ജന്മം കൊണ്ട് പക്ഷെ ബ്രാഹ്മണൻ ആയിരുന്നു. എന്നാൽ കർമ്മ ബ്രാഹ്മണരാകാൻ നടക്കുന്ന ഈഴവമ്പൂരിമാരെപ്പോലെ അദ്ദേഹം പൂണൂൽ ഇട്ടില്ല. തൻറെ ഉപനയന ചടങ്ങു തന്നെ അദ്ദേഹം ബഹിഷ്കരിച്ചു. ഒരുപക്ഷേ ഇന്ത്യയിലെ ആദ്യത്തെ ഫ്രീതിങ്കർ ബസവണ്ണ ആയിരുന്നു. വര്‍ഗ്ഗരഹിതവും ജാതിരഹിതവുമായ സമൂഹം സ്വപ്നം കണ്ട അദ്ദേഹം തന്റെ ഉപനയന ചടങ്ങ് ബഹിഷ്‌കരിച്ചത് സ്ത്രീ-പുരുഷ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താനായിരുന്നു. തന്റെ സഹോദരിക്ക് നിഷേധിക്കുന്ന പൂണൂല്‍ തനിക്കാവശ്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലേ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു. പൂണൂല്‍ ജാതിയുടെയും ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുവാനുള്ള ഉപകരണം മാത്രമാണിതെന്നും ബസവേശ്വരന്‍ എന്ന ബസവണ്ണ 12 ആം നൂറ്റാണ്ടിൽ തന്നെ പറഞ്ഞു. പ്രലോഭനത്തിന്റെ മാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തെ ബസവേശ്വരന്‍ എതിര്‍ത്തു. ദൈവവിശ്വാസികളായി സദാചാരബോധം ഉള്ളവരായി, സ്വതന്ത്രരായി, തുല്യരായി, ജീവിക്കാന്‍ സ്വയം തല്‍പരരാകണമെന്നു മാത്രമാണ് അദ്ദേഹം ഉപദേശിച്ചത്. ഇതിപ്പോൾ പറഞ്ഞതെന്താണെന്നു വെച്ചാൽ സഹോദരൻ അയ്യപ്പൻ നാരയണഗുരുവിൽ ആകൃഷ്ടനായി പിന്നീട് യുക്തിവാദിയായി മാറിയതുപോലെ ബസവണ്ണയുടെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വതന്ത്ര ചിന്തകനായി മാറിയ ആളാണ് ഡോ. എം എം കൽബുർഗി. പണ്ഡിതൻ എന്ന വാക്കിപ്പോൾ കോമഡിയാണെങ്കിലും കന്നഡ പണ്ഡിതനായ എം.എം. കൽബുർഗിയുടെ 27,000 പേജുകളും 68 കിലോഗ്രാം ഭാരവുമുള്ള അദ്ദേഹത്തിന്റെ സമാഹരിച്ച കൃതികൾ അദ്ദേഹത്തിൻറെ പാണ്ഡിത്യത്തിന് തെളിവായി അവശേഷിക്കുന്നു. പ്രശസ്ത കന്നട സാഹിത്യകാരനും ഭാഷാപണ്ഡിതനും മുന്‍ കര്‍ണാടക ഹം പി സര്‍വകലാശാല വൈസ് ചാന്‍സലറുമായ എം.എം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചിട്ട് ഇന്ന് 11 വർഷം! 2015 ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണു കല്‍ബുര്‍ഗിക്കു വെടിയേറ്റത്.കന്നട സാഹിത്യത്തിലെ സംഭാവനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള എഴുത്തുകാരൻ കൂടി ആയിരുന്നു ഡോ. എം എം.കൽബുർഗി. അഭിപ്രായസ്വാതന്ത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇന്ത്യയ്ക്ക് നിഷേധിച്ചതിന്റെ പറയാതെ പറഞ്ഞ തെളിവാണ് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വെടിയേറ്റു മരിച്ച ഡോ.കൽബുർഗിയുടെ രക്തസാക്ഷിത്വം. കല്യാണ്‍ നഗറിലുള്ള വസതിയില്‍ വാതില്‍ മുട്ടിത്തുറന്നാണ് അക്രമി കല്‍ബുര്‍ഗിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ബൈക്കില്‍ വീട്ടിലെത്തിയ അജ്ഞാത സംഘത്തിലെ ഒരാള്‍ വാതില്‍ മുട്ടി വിളിച്ചു. തുടര്‍ന്ന് വാതില്‍ തുറന്ന കല്‍ബുര്‍ഗിക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കല്‍ബുര്‍ഗിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മതഭ്രാന്തന്മാരുടെ വെടിയുണ്ടകൾ കവർന്നെടുത്ത മറ്റൊരു ജീവനുകൂടി അങ്ങനെ ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടിവന്നതിന്റെ 11 ആം വാർഷികം. വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ കക്ഷികളുടെ വധഭീഷണിയുണ്ടായിരുന്നു. രാവിലെ ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് ഇദ്ദേഹത്തെ വെടിവെച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പിന്നീട് ശ്രീരാമസേന മുന്‍നേതാവ് പ്രസാദ് അതവാര്‍ പൊലീസ് പിടിയിലായി. പോലീസ് അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് കല്‍ബുര്‍ഗിയുടെ കൊലപാതകം സിബിഐക്ക് വിട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെയാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെയും വധിച്ചതെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനേയും കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരെയെ വധിക്കാന്‍ ഉപയോഗിച്ച പിസ്റ്റളും കല്‍ബുര്‍ഗി കൊലപാതക കേസിലെ പിസ്റ്റളും സാമ്യമുണ്ടെന്ന് ഫോറന്‍സിക് അന്വേഷണം സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര ഭരണം ഇതൊക്കെ കണ്ടിരുന്നതല്ലാതെ ചെറുവിരൽപോലും അനക്കിയില്ല എന്നത് ശ്രദ്ധേയം. മൗനാനുവാദം നൽകി അവരും കുടപിടിച്ചു. കൽബുർഗിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച സാംസ്കാരിക കൂട്ടായ്മകൾ ഇന്ത്യയിലൊട്ടാകെ റാലിയും യോഗവും സംഘടിപ്പിച്ചു. കൽബുർഗ്ഗിയുടെ കൊലപാതകത്തോടും അതിനുമുമ്പ് നടന്ന പല കൊലപാതകങ്ങളോടും കേന്ദ്രത്തിന്റേയും സാഹിത്യ അക്കാദമിയുടെയും നിലപാടിൽ പ്രതിഷേധിച്ച് നിരവധി എഴുത്തുകാർ അക്കാദമി പുരസ്കാരം തിരിച്ചുനൽകി. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതാണ് ഭരണം എന്ന് വിചാരിച്ചിട്ടുണ്ടാവും കേന്ദ്രം. ആസനത്തിൽ ആലുമുളച്ചാൽ അതും തണലാക്കിമാറ്റുന്നവർ ഭരിച്ചുമുടിച്ചാൽ പിന്നെന്തു പ്രതിഷേധം എന്ത് റാലി. പുതിയവ കാത്തുകിടക്കുന്ന പുസ്തകത്തിൽ അങ്ങനെ കൽബുർഗിയും ഒരു താളിൽ രചിക്കപ്പെട്ട ഓർമ്മയായി മാറി. ഇന്ത്യന്‍ അധികാര വ്യവസ്ഥയിലും പൊതുബോധത്തിലും പൊതുവിടങ്ങളിലും ഹിന്ദുത്വ ഭീകരത ആഴത്തില്‍ ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, അതിനെതിരേ നില്‍ക്കുന്ന ഓരോ ഇന്ത്യന്‍ പൗരന്റേയും വാക്കും സാന്നിദ്ധ്യവും എത്രയും വിലപ്പെട്ടതാണെന്നും, അവ ചിതറിയവയെങ്കിലും കണ്ണി ചേര്‍ക്കപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇന്ത്യന്‍ മതേതര പുരോഗമന ബോധത്തിന് ധൈഷണികമായ ഉത്തേജനം നല്‍കി ജീവിതം കൊണ്ട് മാതൃകയായതിന്റെ പേരില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വെടിയേറ്റ് രക്തസാക്ഷിയായ പ്രൊഫസര്‍ എം.എം കല്‍ബുര്‍ഗിക്ക് ഈ ഓർമ്മദിനത്തിൽ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി Post navigation ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു; മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം: രാഹുൽ ഗാന്ധി