കണ്ണൂര്‍: തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മണ്ഡലത്തില്‍ കുറച്ചു കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നുവെന്നും പറഞ്ഞ കെ കെ രാഗേഷ് ടി കെ ഗോവിന്ദന് തളിപ്പറമ്പിലെ ബ്രൂട്ടസാണെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും ആരോപിച്ചു. തളിപ്പറമ്പില്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംവിച്ചുവെന്ന കാര്യം ജനങ്ങളോട് തുറന്ന് പറയാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും, അതിനുപകരം പുതിയൊരു വനിതാ സ്ഥാനാര്‍ത്ഥി വരണമെന്നും പാര്‍ട്ടി സ്വതന്ത്രമായി തീരുമാനിച്ചതാണ്. ഈ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള, ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയേണ്ടതായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയുളള വലിയ പദവികള്‍ നല്‍കിയിട്ടും ഗോവിന്ദന് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത്. ടി.കെ ഗോവിന്ദന് ഒരു വര്‍ഗവഞ്ചകനാണ്. തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് ഗോവിന്ദന്.ശ്യാമള ടീച്ചര്‍ക്ക് പകരം മറ്റൊരാളായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കിലും, സ്ഥാനമോഹം കാരണം ഗോവിന്ദന് യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുമായിരുന്നു. കൂട്ടത്തില്‍ നിന്ന് പിന്നില്‍ കുത്തിയ ഗോവിന്ദനെ പാര്‍ട്ടി ഒരിക്കലും മറക്കില്ല. അത് എക്കാലവും പാര്‍ട്ടി ഓര്‍ത്തുവെക്കുമെന്നും കെ കെ രാഗേഷ് പറഞ്ഞു. Post navigation ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെ ചിലര്‍ ടി കെ ഗോവിന്ദനെ സ്വീകരിച്ചു: പിണറായി വിജയൻ