Sat. May 16th, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആഘോഷം വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് രണ്ടാം തവണയാണ് രാഹുല്‍, മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്തുപോകുന്ന മമതക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. തിങ്കളാഴ്ച വോട്ടെണ്ണല്‍ ദിവസമായിരുന്നു ഇതില്‍ ആദ്യത്തേത്.”100ലധികം സീറ്റുകള്‍ ബി ജെ പി കൊള്ളയടിച്ചു” എന്ന മമതയുടെ ആരോപണം രാഹുല്‍ ശരിവെക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 207 സീറ്റ് നേടിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് 80 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മമത അഴിമതിക്കാരിയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ബംഗാളില്‍ നിലയുറപ്പിക്കാന്‍ ബി ജെ പിക്ക് അവസരമൊരുക്കിയത് മമതയാണെന്നും രാഹുല്‍ പറഞ്ഞു. ഈ പ്രസ്താവന നടത്തി ആഴ്ചകള്‍ക്കു ശേഷമാണ് രാഹുല്‍, മമതക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

തൃണമൂലിന്റെ തോല്‍വി ഉറപ്പായതോടെ കോണ്‍ഗ്രസ്സ് അനുകൂലികളായ ഒരു വിഭാഗവും പാര്‍ട്ടിയുമായി ബന്ധമുള്ള സാമൂഹിക മാധ്യമ ഹാന്‍ഡിലുകളും ആഘോഷം തുടങ്ങിയിരുന്നു. ഇന്ത്യ മുന്നണിയില്‍ തങ്ങളുടെ പ്രാമുഖ്യം വീണ്ടെടുക്കാന്‍ മാത്രമല്ല, തങ്ങള്‍ക്ക് മുമ്പ് ആധിപത്യമുണ്ടായിരുന്ന സംസ്ഥാനങ്ങളിലെ തിരിച്ചുവരവിനുള്ള അവസരം കൂടിയായാണ് ഒരു സംസ്ഥാനത്ത് ഗണ്യമായ സ്വാധീനമുള്ള പാര്‍ട്ടിയുടെ പരാജയത്തെ കോണ്‍ഗ്രസ്സ് നോക്കിക്കണ്ടത്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃണമൂലിന്റെ തോല്‍വി ആഘോഷമാക്കുന്നത് അനുചിതമാണെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. രാജ്യത്ത് ബി ജെ പി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന കാലത്ത് പ്രാദേശികമായ ശത്രുതകളില്‍ കുരുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയിലാണ് രാഹുല്‍ ഊന്നിയത്.

കോണ്‍ഗ്രസ്സിലെ ചിലര്‍ ടി എം സിയുടെ തോല്‍വിയില്‍ സന്തോഷിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ ബി ജെ പി നടത്തിയിരിക്കുന്ന നിര്‍ണായക കാല്‍വെപ്പാണ് അസമിലെയും പശ്ചിമ ബംഗാളിലെയും വോട്ട് കൊള്ളയെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കണം. ഇടുങ്ങിയ രാഷ്ട്രീയം മാറ്റിവെക്കണം. ഇത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കാര്യമല്ല. ഇത് ഇന്ത്യയുടെ കാര്യമാണ്.” എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *