ചെന്നൈ സൂപ്പർ കിംഗ്സ്നെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്ക്ക് 188 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. യുവതാരം കാർത്തിക് ശർമ്മയുടെ തകർപ്പൻ അർധസെഞ്ചുറിയാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 42 പന്തിൽ 71 റൺസ് നേടിയ കാർത്തിക് ടോപ് സ്കോററായപ്പോൾ, ശിവം ദുബെ 16 പന്തിൽ പുറത്താകാതെ 32 റൺസും ഡെവാൾഡ് ബ്രെവിസ് 25 റൺസും നേടി. സഞ്ജു സാംസണും റുതുരാജ് ഗെയ്ക്‌വാദും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല.
ആദ്യ ഓവറുകളിൽ സഞ്ജു സാംസണും റുതുരാജും ചേർന്ന് വേഗത്തിൽ റൺസ് കണ്ടെത്തിയെങ്കിലും പിന്നീട് ലക്നൗ ബൗളർമാർ മത്സരത്തിൽ പിടിമുറുക്കി. ആകാശ് മഹാരാജ് സിംഗിന്റെ ബൗൺസർ ആക്രമണത്തിന് മുന്നിൽ ഇരുവരും ബുദ്ധിമുട്ടി. പവർപ്ലേ അവസാനിക്കുമ്പോൾ ചെന്നൈ 37 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നാലെ ഊർവിൽ പട്ടേലും കാർത്തിക് ശർമ്മയും ചേർന്ന് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അധികനേരം നീണ്ടില്ല.
52-3 എന്ന നിലയിൽ തകർന്ന ചെന്നൈയെ കാർത്തിക് ശർമ്മയും ഡെവാൾഡ് ബ്രെവിസും ചേർന്ന 70 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. മുഹമ്മദ് ഷമിക്കെതിരെ സിക്സ് പറത്തി കാർത്തിക് 35 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. അവസാന ഓവറുകളിൽ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. അവസാന ഓവറിൽ 23 റൺസ് അടിച്ചെടുത്തതോടെയാണ് ചെന്നൈ 187 എന്ന മത്സരക്ഷമമായ സ്കോറിലെത്തിയത്. ലക്നൗവിനായി ആകാശ് മഹാരാജ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

