അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഗൾഫ് രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, അത്തരം ഭീഷണികൾക്കിടയിലും രാജ്യം പുലർത്തുന്ന സംയമനത്തെ പ്രശംസിച്ചു. പ്രതിരോധം കൂടാതെ ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ ഏഴ് നിർണ്ണായക മേഖലകളിലാണ് പുതിയ ധാരണാപത്രങ്ങൾ ഒപ്പിട്ടിരിക്കുന്നത്.
തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരം, ദ്രാവക പെട്രോളിയം വാതക (എൽ പി ജി) വിതരണം എന്നിവ സംബന്ധിച്ച കരാറുകൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ കരുത്തുപകരും. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ഐ എസ് പി ആർ എൽ) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (അഡ്നോക്) തമ്മിലുള്ള സഹകരണം ഇന്ത്യയുടെ എണ്ണ ശേഖരം വർദ്ധിപ്പിക്കും. നിലവിൽ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം ഇന്ത്യ നേരിടുന്ന പാചകവാതക ക്ഷാമം പരിഹരിക്കാൻ ദീർഘകാല എൽ പി ജി വിതരണ കരാർ സഹായിക്കും.
പ്രതിരോധ മേഖലയിൽ വ്യവസായ സഹകരണം ശക്തിപ്പെടുത്തുക, സാങ്കേതിക വിദ്യകൾ പങ്കുവെക്കുക, പ്രാദേശിക സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രതിരോധ പങ്കാളിത്ത കരാറിന്റെ ലക്ഷ്യം. ഗുജറാത്തിലെ വാഡിനാറിൽ ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു. ഇത് ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഉത്തേജനം നൽകും. കൂടാതെ കപ്പൽ അറ്റകുറ്റപ്പണി മേഖലയിലെ നൈപുണ്യ വികസനത്തിനും ധാരണയായിട്ടുണ്ട്.
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ലക്ഷ്യങ്ങൾക്ക് കരുത്തേകാൻ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ സ്ഥാപിക്കാനും അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. സന്ദർശനം അത്യന്തം ഫലപ്രദമായിരുന്നുവെന്നും ഇന്ത്യ യു എ ഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ചർച്ചകൾ സഹായിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യു എ ഇ ആകാശപരിധിയിൽ പ്രവേശിച്ചത് മുതൽ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയുടെ വിമാനത്തെ സ്വീകരിച്ചത്. അബുദാബി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച ചടങ്ങിൽ മോദിക്ക് ഗാർഡ് ഓഫ് ഓണറും നൽകി.

