Sat. May 16th, 2026

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡി എം കെ) ത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. തമിഴ് സമൂഹം ഇപ്പോഴും രാഷ്ട്രീയമായി മാറിയിട്ടില്ലെന്നും വെറും ആരാധകക്കൂട്ടമായി തുടരുകയാണെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പ്രകാശ് രാജ് വ്യക്തമാക്കി.

ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ തോല്‍വി മുന്‍ മുഖ്യമന്ത്രി കാമരാജിന്റെ തോല്‍വിക്ക് സമാനമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. വികസന രാഷ്ട്രീയവും ഭരണനേട്ടങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് സ്റ്റാലിന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ‘കാമരാജ് തോറ്റു, എം കെ സ്റ്റാലിനും തോറ്റു. സമൂഹം ഇപ്പോഴും ആരാധകരാല്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. തമിഴ് ജനത ഇപ്പോഴും രാഷ്ട്രീയ പക്വത കൈവരിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.”-പ്രകാശ് രാജ് കുറിച്ചു. രാഷ്ട്രീയ അവബോധം വളര്‍ത്തുക എന്നത് എപ്പോഴും പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 108 സീറ്റ് നേടിയാണ് ടി വി കെ വെന്നിക്കൊടി പാറിച്ചത്. ഭരണകക്ഷിയായ ഡി എം കെ 59 സീറ്റില്‍ ഒതുങ്ങി. മൂന്നാമതെത്തിയ എ ഐ എ ഡി എം കെക്ക് 47 സീറ്റാണ് നേടാനായത്. 118 സീറ്റാണ് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *