Sat. May 16th, 2026

ചേർത്തല: താനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധിയുള്ളവരാണെന്നും അത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍ ലീഗാണെന്നും വെള്ളാപ്പള്ളി നടേശന്‍. താന്‍ ഒരിക്കലും മുസ്ലിം വിരോധിയല്ല. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ സി വേണുഗോപാലാണ് കേരളത്തിലെ യു ഡി എഫിന്റെ വിജയ ശില്പിയെന്നും ഫണ്ടിങ് നടത്തിയതില്‍ പ്രധാനി അദ്ദേഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യയില്‍ തന്നെ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണ് കെ സി വേണുഗോപാല്‍. ഡല്‍ഹിയില്‍ ഇരുന്നാലും കെ സി വേണുഗോപാലിന് കേരളം ഭരിക്കാന്‍ കഴിയും. അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് താന്‍ കരുതുന്നില്ല. കേരളത്തിലെ ആകെയുള്ളത് കറുകപ്പുല്ല് മാത്രമാണ്. ആ കറുകപ്പുല്ല് തിന്നാന്‍ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയമുണ്ടെന്നും ഏറെ പ്രവര്‍ത്തന പാരമ്പര്യവും മെയ് വഴക്കവും ഉള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു വിവാദവും ഉണ്ടാക്കാത്ത ആളാണെന്നും എല്ലാം സഹിച്ചു നിന്നയാളാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മുഖ്യമന്ത്രി ആരാണെന്ന് പറയുന്നതില്‍ എസ് എന്‍ ഡി പിക്ക് യാതൊരു റോളും ഇല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കാമാന്‍ഡ് തീരുമാനിക്കട്ടെ. അതില്‍ സമുദായത്തിന് യാതൊരു പങ്കുമില്ല.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നല്ലൊരു നേതാവ് ആയിരുന്നു വി.ഡി സതീശന്‍. രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *