കണ്ണൂര്‍: തളിപ്പറമ്പില്‍ സംഘടിപ്പിച്ച സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ടി കെ ഗോവിന്ദന്‍ എം എല്‍ എയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാര്‍ട്ടി അണികള്‍ക്കുമേല്‍ പാര്‍ട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയും തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായി. ടി കെ ഗോവിന്ദനെ സ്വീകരിച്ചതില്‍ ഇപ്പോള്‍ പലര്‍ക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാം. പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഉദ്ദേശം മനസിലാക്കാന്‍ കഴിയാതിരുന്ന ഒരു കൂട്ടം ആളുകള്‍ ടി കെ ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. വ്യാജ പ്രചാരവേലയില്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എല്‍ ഡി എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തവണ മാറി ചിന്തിച്ചത്. പാര്‍ട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവര്‍ അല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരില്‍ ഇപ്പോള്‍ ഖേദിക്കുന്നവര്‍ ഉണ്ടാകാം. അവര്‍ പാര്‍ട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു. നിങ്ങള്‍ എന്തിന് മാറി ചിന്തിച്ചു. ഏത് പരാജയവും ഗൗരവമായി കാണുന്ന പാര്‍ട്ടിയാണ് സി പി എം. പക്ഷേ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ എന്ത് കൊണ്ട് മാറി. ആരെയാണ് നിങ്ങള്‍ വിശ്വാസത്തില്‍ എടുത്തത്. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോളെങ്കിലും തിരുത്തണം. പാര്‍ട്ടിയെ പരാജപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം അണികള്‍ക്ക് മുന്നില്‍ ഉയര്‍ത്തി. ടി കെ ഗോവിന്ദന്‍ എന്ന അവസരവാദി ജയിച്ചത് കൊണ്ട് എല്ലാ കാലത്തെയും ജയമായി അതിനെ കാണേണ്ട. ഈ വിജയം എല്ലാകാലത്തും നിലനില്‍ക്കില്ലെന്നും സ്വീകരിച്ച നിലപാടുകളിലെ തെറ്റുകള്‍ തിരുത്തി പാര്‍ട്ടി വികാരത്തോടെ ശരിയായ വഴിയേ വരാന്‍ എല്ലാവരും തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തെ തുടര്‍ന്ന് സി പി എം എല്ലാം അവസാനിപ്പിക്കില്ലെന്നും ജനവിധിയെ മാനിച്ച് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും പിണറായി വ്യക്തമാക്കി. നിങ്ങള്‍ ചെയ്ത തെറ്റ് തിരുത്തണം. ഇടത് വിരുദ്ധ കുത്തൊഴുക്ക് എല്ലാ കാലത്തും അതിജീവിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ്. കോണ്‍ഗ്രസിനും അടിത്തറ ഉള്ള മണ്ഡലമായിരുന്നു തളിപ്പറമ്പ്. പക്ഷേ ഭൂരിഭാഗം തെരെഞ്ഞെടുപ്പിലും ജയിച്ചത് സി പി എം ആണെന്നും പിണറായി ചൂണ്ടിക്കാട്ടി. 91 ന് ശേഷം 50 ശതമാനം എല്‍ ഡി എഫ് വോട്ട് നേടുന്ന മണ്ഡലമായി തളിപ്പറമ്പ് മാറിയിരുന്നു. ആ മണ്ഡലത്തിലാണ് 41 ശതമാനമായി വോട്ട് ഇത്തവണ കുറഞ്ഞത്. പക്ഷേ ഇത്തവണ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗോവിന്ദന്‍ നേടിയത് മുമ്പ് യു ഡി എഫ് സ്ഥാനാര്‍ഥി നേടിയ വോട്ടിനേക്കാള്‍ കുറവായിരുന്നു. പക്ഷേ എന്നിട്ടും എല്‍ ഡി എഫ് പരാജയപ്പെട്ടു. കേരളത്തില്‍ ആകെ അഴിച്ചു വിട്ട പ്രചാര വേലയില്‍ പരാജയപ്പെടേണ്ട ഒരു മണ്ഡലമല്ല തളിപ്പറമ്പ്. എല്‍ ഡി എഫിനൊപ്പം അണിനിരന്നിരുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടു. അവര്‍ എതിരെ നിന്നിട്ടുണ്ടാകാം. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും സി പി എം വികാരം നെഞ്ചേറ്റുന്ന ജനം ഇവിടുണ്ട്. പക്ഷേ അവരില്‍ ഒരു വിഭാഗം ഇക്കുറി എല്‍ ഡി എഫിന് വോട്ട് ചെയ്തില്ല. എന്താണ് നിങ്ങളെ വഴി തെറ്റിച്ചത്. അത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും തെറ്റ് തിരുത്തി എല്ലാവരും പാര്‍ട്ടിക്കൊപ്പം അണിനിരക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. Post navigation ‘തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചു; ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്’ : കെ കെ രാഗേഷ്