Sat. Jun 27th, 2026

✍️ സി. ആർ. സുരേഷ്

“മുറിവേറ്റ നമ്മുടെ ലോകത്തെ സുഖപ്പെടുത്തണം. ഇന്ന് നാം കാണുന്ന അരാജകത്വം, നിരാശ, വിവേകശൂന്യമായ നാശം എന്നിവ ആളുകൾക്ക് പരസ്പരം അനുഭവപ്പെടുന്ന അന്യവൽക്കരണത്തിന്റെയും അവരുടെ പരിസ്ഥിതിയുടെയും ഫലമാണ്.” -മൈക്കിൾ ജാക്സൺ (1958 – 2009)

സംഗീതജ്ഞനും, നർത്തകനും, നടനും, ജീവകാരുണ്യ പ്രവർത്തകനും ലോകത്ത്
ഏറ്റവും കൂടുതൽ ആളുകളെ വിനോദിപ്പിച്ച വ്യക്തിയെന്ന നിലയിലും നിരവധി തവണ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇതിഹാസമാണ് മൈക്കിൾ ജാക്സൺ. മൃദുഭാഷിയും ഉൾവലിയുന്ന പ്രകൃതക്കാരനുമാണെന്ന് തോന്നിപ്പിച്ച മനുഷ്യനിൽ നിന്ന് വേദിയിലെത്തുമ്പോൾ ലോകത്തിലെ ഏറ്റവും അവശ്വസനീയമായ ജാലവിദ്യക്കാരനായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തിയായി ഗിന്നസിൽ ഇടം നേടിയ അദ്ദേഹം മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരനുമാണ്.

ബാലപീഡകൻ, സ്വവർഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവൻ, സൗന്ദര്യവർദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകൾ എന്നിങ്ങനെയുള്ള ആരോപണങ്ങൾ സ്വകാര്യജീവിതത്തെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തെ ഗാരി എന്ന പട്ടണത്തിൽ ജനനം.
1960 കളിൽ ‘ജാക്സൺ 5’ എന്ന ബാന്റുമായി സഹോദരങ്ങളോടൊപ്പം സംഗീത ജീവിതം തുടങ്ങി. 1971 മുതൽ ഒറ്റയ്ക്ക് പാടുവാൻ തുടങ്ങി.

‘ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ’ എന്നീ ഗാനങ്ങളുടെ വീഡിയോപ്രശസ്തി വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എം.ടി.വി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി. ആഫ്രിക്കയിലേയും അമേരിക്കയിലേയും പാവപ്പെട്ടവർക്കുവേണ്ടിയുള്ള, ‘വി ആർ ദ വേൾഡ്’ എന്ന ഗാനം അദ്ദേഹത്തിന്റെ സാമൂഹിക സന്നദ്ധമേഖലകളിലെ സാന്നിദ്ധ്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

1997-ൽ പുറത്തിറങ്ങിയ ”എർത്ത് സോങ്ങ്” പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മൃഗങ്ങളോടുള്ള ക്രൂരതകൾ, വനനശീകരണം, മലിനീകരണം, യുദ്ധത്തിന്റെ ചിത്രങ്ങളും കെടുതികളും നിറഞ്ഞ ഈ വീഡിയോ യുദ്ധങ്ങൾ അവസാനിക്കുന്നതും കാടുകൾ വളരുന്നതിലും അവസാനിക്കുന്നു.

സ്റ്റീഫൻ കിംങ്ങ് ഉം ചേർന്ന് എഴുതി സ്റ്റാൻ വിൻസ്റ്റൺ സംവിധാനം ചെയ്ത 38 മിനുട്ട് ദൈർഘ്യമുള്ള ”ഗോസ്റ്റ്” എന്ന ചിത്രം ഏറ്റവും ദൈർഘ്യമേറിയ സംഗീത വീഡിയോ എന്ന പേരിൽ ഗിന്നസിൽ ചേർക്കപ്പെട്ടു. വിഖ്യാതമായ കാൻ ചലച്ചിത്രോത്സവത്തിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ശാരീരികമായി വളരെ പ്രയാസമുള്ള ‘റോബോട്ട്, മൂൺവാക്ക്’തുടങ്ങിയ നൃത്ത ശൈലികൾ ജാക്സന്റെ പ്രത്യേകതയാണ്. ഇദ്ദേഹത്തിന്റെ പാട്ടുകളുടെ നൂറ് കോടി പ്രതികൾ ലോകമാകെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. റോക്ക് ആൻറ് റോൾ ഹോൾ ഫെയിമിലേക്ക് രണ്ട് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം സംഗീതജ്ഞരിൽ ഒരാളും പോപ്പിന്റെയും റോക്ക് ആൻറ് റോളിൽ നിന്നും ‘ഡാൻസ് ഹോൾ ഓഫ് ഫെയിമി’ലേക്ക്തി രഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയും
അഞ്ച് വ്യത്യസ്ത പതിറ്റാണ്ടുകളിലായി ‘ബിൽബോർട്ട് ഹോട്ട് 100 ചാർട്ടി’ലെ ആദ്യ പത്തിൽ ഗാനമുള്ള ആദ്യ കലാകാരനും ജാക്സനാണ്.

ഗ്രാമിയിൽ ലെജന്റ്, ലൈഫ് ടൈം അച്ചീവ്മെൻറ് അടക്കം 13 പുരസ്കാരങ്ങളും,
26 അമേരിക്കൻ പുരസ്കാരങ്ങൾ, നൂറ്റാണ്ടിന്റെയും, ദശാബ്ദത്തിന്റെയും കലാകാരൻ,
13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരമടക്കം ലോകത്തെ ഏറ്റവും കൂടുതൽ പുരസ്കാരം നേടിയ സംഗീത പ്രതിഭയും ജാക്സനാണ്.

ഓഫ് ദ വാൾ, ബാഡ്, ഡെയ്ഞ്ചറസ്, ഹിസ്റ്ററി, മോടൗൺ 25, തുടങ്ങിയവയാണ് മറ്റു പ്രസിദ്ധമായ ആൽബങ്ങൾ. ‘മൂൺ വാക്ക് ‘ആത്മകഥയാണ്. തന്റെ സംഗീത വീഡിയോകൾ കോർത്തിണക്കി ‘മൂൺ വാക്കർ’ എന്ന ചലച്ചിത്രവും പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *