✍️ സി. ആർ. സുരേഷ്
ഇപ്പോൾ സംഘപരിവാർ ഫാസിസത്തെ കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് മുൻപ് അധികാരമുണ്ടായിരുന്നപ്പോൾ ജനാധിപത്യം പൂത്തുലയിപ്പിച്ചതിൻറെയും നമ്മുടെ ജനങ്ങൾ ജനാധിപത്യത്തിൻറെ ആ സൗന്ദര്യം ആസ്വദിച്ചതിന്റെയും ഓർമ്മദിനമാണ് ഇന്ന്.
1975- ജൂൺ 25 ന് ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായവും, ഇന്ത്യൻ ജനാധിപത്യം നേരിട്ട എക്കാലത്തെയും വലിയ വെല്ലുവിളിയുമായിരുന്നു ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശാനുസരണം ”ആഭ്യന്തര അസ്വസ്ഥതകൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നു” എന്നു പറഞ്ഞ് ഭരണഘടനയുടെ 352-ാം വകുപ്രകാരമാണ്
രാഷ്ട്രപതി ഫക്രുദിൻ അലി അഹമ്മദ് രാജ്യത്ത് ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചത്.
1971 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തിരിമറി കാട്ടിയാണ് വിജയിച്ചതെന്ന്
റായ്ബറേലി (യു.പി)യിലെ ഇന്ദിരയുടെ പ്രധാന എതിർ സ്ഥാനാർത്ഥിയായ രാജ് നാരായൺ നൽകിയ ഹർജി പരിഗണിച്ച് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിപദം രാജിവയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ തുടങ്ങി പ്രതിപക്ഷനേതാക്കളുടെ നേതൃത്വത്തിൽ രാജ്യമാസകലം പ്രതിഷേധറാലികൾ അലയടിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കും മുമ്പുതന്നെ പ്രമുഖ പ്രതിപക്ഷനേതാക്കളെയെല്ലാം ജയിലിൽ അടച്ചു കഴിഞ്ഞിരുന്നു.
പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. ആറ് മാസത്തിനുള്ളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. എതിർക്കുന്നവരെയെല്ലാം അടിച്ചമർത്തി. ഒന്നര വർഷത്തിലേറെ നീണ്ടുനിന്ന കിരാത ഭരണത്തിനൊടുവിൽ 1977 മാർച്ച് 21-ന് ആക്ടിങ് പ്രസിഡൻറ് ബി.ഡി.ജട്ടി അടിയന്തരാവസ്ഥ പിൻവലിച്ചു

