Sat. May 16th, 2026

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേക്ക്. ഇടതുപാർട്ടികളായ സി.പി.ഐ.എം, സി.പി.ഐ എന്നിവർക്ക് പുറമെ വി.സി.കെയും പിന്തുണ പ്രഖ്യാപിച്ചതോടെ 118 എം.എൽ.എമാരുടെ പിന്തുണയെന്ന മാന്ത്രിക സംഖ്യയിൽ ടി.വി.കെ എത്തിക്കഴിഞ്ഞു. കേവല ഭൂരിപക്ഷം ഉറപ്പാക്കിയ വിജയ് ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ടി.വി.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് സി.പി.ഐ.എം – സി.പി.ഐ പാർട്ടികളുടെ തീരുമാനം. ഭരണത്തിൽ പങ്കാളികളാവില്ലെന്ന് അറിയിച്ച ഇരു പാർട്ടികളും ഗവർണർ ഭരണം ഏർപ്പെടുത്തി തമിഴ്നാട്ടിൽ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ തടയാനാണ് വിജയിയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ കോൺഗ്രസും സി.പി.ഐയും പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കിയതോടെ വിജയ്‍യുടെ കക്ഷിനില 116-ൽ എത്തിയിരുന്നു. വി.സി.കെയുടെ രണ്ട് എം.എൽ.എമാർ കൂടി പിന്തുണച്ചതോടെയാണ് വിജയ് 118 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയത്.

മതേതരവും ജനാധിപത്യപരവുമായ സുസ്ഥിര ഭരണം ഉറപ്പാക്കാനാണ് ഉപാധികളില്ലാത്ത പിന്തുണയെന്ന് സി.പി.ഐ നേതാവ് ഡി. രാജ വ്യക്തമാക്കി. വി.സി.കെ നേതാവ് തിരുമാവളവന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. എൻ.ഡി.എ കക്ഷികളുമായി ബന്ധമുണ്ടാകില്ലെന്ന ഉറപ്പും മറ്റു പാർട്ടികൾക്ക് മന്ത്രിസ്ഥാനവും ടി.വി.കെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും. വിജയ്‍യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രത്തിനാണ് വഴിതുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *