ആംസ്റ്റർഡാം: സൗരയൂഥത്തിന്റെ അതിർത്തിയിലുള്ള യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള നിലവിലെ ധാരണകൾ തിരുത്തിക്കുറിച്ച് പുതിയ പഠനം പുറത്ത്. ദശാബ്ദങ്ങളായി ഈ ഗ്രഹങ്ങളെ ‘ഐസ് ജയന്റുകൾ’ എന്നാണ് ശാസ്ത്രലോകം വിളിച്ചിരുന്നത്. എന്നാൽ, ഇവയുടെ ഉള്ളറകളിൽ ഐസിനേക്കാൾ കൂടുതൽ പാറഘടകങ്ങൾ ആയിരിക്കാം അടങ്ങിയിരിക്കുന്നതെന്ന് പ്രമുഖ ശാസ്ത്ര ജേർണലായ ‘അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിൽ’ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ചിലെ ഗവേഷക യമില മിഗ്വേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ മോഡൽ വികസിപ്പിച്ചത്. ഇവരുടെ കണ്ടെത്തൽ പ്രകാരം ഈ ഗ്രഹങ്ങളുടെ ഘടനയിൽ 60 ശതമാനത്തോളം ‘ഹെവി എലമെന്റുകൾ’ അഥവാ പാറകളോട് സദൃശമായ ഘടകങ്ങൾ അടങ്ങിയിരിക്കാം. അന്തരീക്ഷത്തിലെ ഉയർന്ന താപനില കാരണം സിലിക്കേറ്റ് മേഘങ്ങൾ രൂപപ്പെടുകയും അവ പിന്നീട് ദൃഢമായി പാറകളായി മാറുകയും ചെയ്യുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

