കാലിഫോർണിയ: മനുഷ്യശരീരത്തിലെ രോഗങ്ങൾ കണ്ടെത്താനും തടയാനും ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വൻ നിക്ഷേപവുമായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. തങ്ങളുടെ ജീവകാരുണ്യ സംഘടനയായ ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവ് വഴി 500 മില്യൺ ഡോളർ (ഏകദേശം 4100 കോടി രൂപ) ചിലവിട്ട് ‘വെർച്വൽ ബയോളജി ഇനീഷ്യേറ്റീവ്’ എന്ന പദ്ധതിക്കാണ് ഇവർ തുടക്കമിട്ടത്. സോഷ്യൽ മീഡിയയ്ക്കും മെറ്റാവേഴ്സിനും അപ്പുറം ആരോഗ്യരംഗത്താണ് സക്കർബർഗ് ഇത്തവണ എഐയുടെ സാധ്യതകൾ തേടുന്നത്.
മനുഷ്യകോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ പുനരാവിഷ്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തെ ഡിജിറ്റൽ രൂപത്തിൽ മാതൃകയാക്കുന്നതിലൂടെ, രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്നും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും മുൻകൂട്ടി അറിയാൻ സാധിക്കും. ലാബുകളിൽ നേരിട്ട് പരീക്ഷണങ്ങൾ നടത്തുന്നതിന് മുൻപ് തന്നെ വെർച്വൽ രീതിയിൽ ആയിരക്കണക്കിന് പരീക്ഷണങ്ങൾ നടത്താൻ ഇതിലൂടെ ഗവേഷകർക്ക് കഴിയും.
അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ പ്രധാനമായും ‘പ്രെഡിക്റ്റീവ് മോഡൽസ്’ എന്ന സാങ്കേതികവിദ്യയാണ് വികസിപ്പിക്കുന്നത്. പദ്ധതിയുടെ 400 മില്യൺ ഡോളറും ഉയർന്ന നിലവാരത്തിലുള്ള ഇമേജിംഗ് സംവിധാനങ്ങൾക്കും വലിയ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾക്കുമായി വിനിയോഗിക്കും. ബാക്കിയുള്ള 100 മില്യൺ ഡോളർ ലോകമെമ്പാടുമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കുമായി ധനസഹായമായി നൽകും. ഈ ഗവേഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
മനുഷ്യശരീരത്തിന്റെ ജൈവഘടന അതീവ സങ്കീർണ്ണമായതിനാൽ ഇതിന് ആവശ്യമായ ഡാറ്റ ശേഖരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കോശങ്ങളിൽ നിന്ന് ടിഷ്യുകളിലേക്കുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ പുതിയ സാങ്കേതികവിദ്യകൾ അനിവാര്യമാണ്. എങ്കിലും, എഐയുടെ സഹായത്തോടെ ഭാവിയിൽ എല്ലാ രോഗങ്ങളെയും ചികിത്സിക്കാനും തടയാനും കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് വൈദ്യശാസ്ത്രലോകം.

