Mon. Apr 20th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

അത്യുഷ്ണം അപ്രതീക്ഷിതമായ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ചൂട് കൂടുമ്പോൾ ഇഴജന്തുക്കൾ തണുപ്പ് തേടി വീടുകൾക്കുള്ളിലേക്ക് എത്താൻ സാധ്യതയുണ്ട്. തൃശൂർ കോടാലിയിൽ എട്ടു വയസ്സുകാരൻ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഈ മുന്നറിയിപ്പ് നൽകിയത്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂടിൽ നിന്ന് രക്ഷനേടാൻ ജലാശയങ്ങളിലും പുഴകളിലും കുളിക്കാൻ ഇറങ്ങുന്ന കുട്ടികളുടെ കാര്യത്തിലും രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വേണം ഈ വേനൽക്കാലത്തെ മറികടക്കാൻ. ആപത്തുകൾ ഒഴിവാക്കാൻ ഓരോരുത്തരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *