ആലപ്പുഴ: ആലപ്പുഴയിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളും കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി സംസ്ഥാന കമ്മറ്റി അംഗം എന്നീനിലകളിൽ അര നൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്ന ചിത്രകലാ അദ്ധ്യാപകനും ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ പി പി സുമനൻ (86) അന്തരിച്ചു. ഇന്ന് വെളുപ്പിന് ആലപ്പുഴ കളർകോട് ഉള്ള ചിത്രാലയം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളായി വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു, രോഗം മൂർഛിച്ചതിനെത്തുടർന്ന് ഒരാഴ്‌ചയായി ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോന്നത്.
ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിക്കുകയും. കേരളാ ഹൈക്കോടതിയെ പന്ത്രണ്ട് കഴിഞ്ഞാൽ പതിനാല് അല്ല 13 ആണ് എന്ന് പഠിപ്പിക്കാൻ ഹർജിയുമായി പോകുകയും, ശബ്ദമലിനീകരണത്തിനെതിരെ സുപ്രീംകോടതി വരെ പോയി അനുകൂല വിധി സമ്പാദിക്കുകയും, കൃപാസനം തട്ടിപ്പ് കേന്ദ്രത്തിനെതിരെയും സംഘികളുടെ രാമായണ മാസാചരണത്തിനെതിരെ ‘രാവണ മാസാചരണം’ സംഘടിപ്പിച്ചും ബാലാവകാശങ്ങൾ ലംഘിച്ചുകൊണ്ടുനടത്തുന്ന കണിച്ചുകുളങ്ങര ചിക്കരയിരുത്തിനതിരെയും ആറ്റുകാലിലെ കുത്തിയോടിക്കലിനെതിരെയും ചക്കുളത്ത് കാവിലെയും ആറ്റുകാലിലെയും നടുറോഡിൽ അടുപ്പ് കൂട്ടി കഞ്ഞിവെപ്പ് കലാപരിപാടിക്കെതിരെയുമൊക്കെ ഒറ്റയാൾ പോരാട്ടം നടത്തിയ ആളാണ് സുമനൻ സാർ. 2019 ൽ ആലപ്പുഴ കലക്ടറേറ്റ് പടിക്കൽ ചക്കുകുളത്ത് കാവിലെ പൊങ്കാല ദിവസം കപ്പയും ഉണക്കമീനും ചുട്ട് ‘ഡിങ്കാല’ ഇടാൻ തീരുമാനിച്ചെങ്കിലും അദ്ദേഹത്തെയും സഹപ്രവർത്തകരെയും പൊങ്കാല കഴിയുന്നതുവരെ എസ്‌പി ഓഫീസിൽ തടഞ്ഞു വെച്ചിരുന്നു.
കഴിഞ്ഞവർഷം തൻറെ കാലശേഷം മൃതദേഹം വണ്ടാനം മെഡിക്കല്കോളേജിന് നൽകുന്നതിന് വീട്ടുകാരെക്കൊണ്ട് സമ്മത പത്രം ഒപ്പിടുവിക്കുകയും തൻറെ യുക്തിവാദികളും അല്ലാത്തതുമായ സുഹൃത്തുക്കളെല്ലാം വിളിച്ച് ഒരു മുൻകൂർ മരണാനന്തര ചായ സൽക്കാരവും നടത്തിയ അദ്ദേഹം അന്നേദിവസം തന്നെ തൻറെ സമ്പാദ്യത്തിൻറെ ഒരു വിഹിതം എ ടി കോവൂർ ട്രസ്റ്റിന് നൽകുകയും ചെയ്തു.
‘ഞാൻ മരിച്ചു കഴിഞ്ഞു നിങ്ങൾ അനുസ്മരണമോ സദ്യയോ ഒക്കെ നടത്തിയാലും എനിക്കത് കാണാനാവില്ലല്ലോ?’ എന്നാണ് എന്നും വേറിട്ട വഴികളിലൂടെ സഞ്ചിരിച്ചിരുന്ന സുമനൻ സാർ അതേക്കുറിച്ച് പറഞ്ഞത്. യുക്തിവാദത്തിന്റെ പേരിൽ അദ്ദേഹത്തിന് രണ്ടുതവണ ഔദ്യോഗിക ജീവിതത്തിലും സസ്‌പെൻഷൻ നേരിടേണ്ടി വന്നിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു,
വാർധക്യസഹജമായ അസുഖങ്ങളാൽ കുറച്ചുകാലമായി വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം മക്കൾ കുറച്ച് ദിവസം മുൻപ് ‘പെരുമ്പളം പാല’വും കാണാൻ കൊണ്ടുപോയിരുന്നു. പോകുന്ന വഴിയും പറഞ്ഞുകൊണ്ടിരുന്നത് താൻ സുപ്രീംകോടതിയിൽ പോയി വിധി സമ്പാദിച്ചിട്ടും ആളുകൾ മൈക്ക് ഉപയോഗിച്ച് അലറിവിളിക്കുന്നതിനെ കുറിച്ചും പോലീസ് നിയമം നടപ്പിലാക്കാൻ തയ്യാറാകാത്തതിനെക്കുറിച്ചുമായിരുന്നു എന്നവർ പറഞ്ഞു. വീട്ടിൽ കാണാൻ ചെല്ലുന്നവരോടും ബോധം ഉണ്ടായിരുന്ന സമയത്തൊക്കെ സംസാരിച്ചിരുന്നത് യുക്തിവാദ പ്രവർത്തനങ്ങളെക്കുറിച്ച് ആയിരുന്നു.
മൃതദേഹം ഉച്ചയ്ക്ക് 3 PM വരെ കളർകോട് ഉള്ള ചിത്രാലയം വീട്ടിലും 3,30 വരെ അദ്ദേഹം റിട്ടയർ ചെയ്ത ആലപ്പുഴ പറവൂർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലും പൊതുദർശനത്തിന് വെക്കും 4 PM ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി വണ്ടാനം മെഡിക്കൽ കോളേജിൻറെ അനാട്ടമി ഡിപ്പാർട്ട്മെന്റിന് കൈമാറും.
രാമങ്കരി വേഴപ്ര പുത്തൻ കളത്തിൽ പത്മനാഭൻ്റെയും (ആദ്യകാല SNDP യുണിയൻ സെക്രട്ടറി), ഗൗരിയുടെയും ആറാമത്തെ പുത്രനായ അദ്ദേഹം വേഴപ്ര സ്കൂളിലും ആലപ്പുഴ SS സ്കൂളിലെയും വിദ്യാഭ്യാസത്തിനു ശേഷം ചിത്രകലാ അദ്ധ്യാപകനായി പറവൂർ ഗവ.ഹൈസ്കൂളിലും വേഴപ്ര ഗവ.ഹൈസ് സ്കൂളിലും സേവനം അനുഷ്ഠിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ റിട്ടയേർഡ് നഴ്സിംഗ് സുപ്രൻഡന്റ് കെ. സുമതി അമ്മ ആണ് ജീവിതപങ്കാളി.
രേഖ സി എസ് ഡോ. ചിത്ര. സി എസ് (പ്രിൻസിപ്പാൾ,Santhinikethan B.Ed college, Bangalore)എന്നിവർ മക്കളും, ഡോ. കെ എ സുനിൽ, ഉണ്ണികൃഷ്ണൻ കെബി എന്നിവർ മരുമക്കളും, ദേവി ക സുനിൽ (ആസ്ത്രേലിയ), ചാരുത കൃഷ്ണ (ബാംഗ്ളൂർ) എന്നിവർ കൊച്ചുമക്കളും ആണ്.

