ലക്നൗ: ലക്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തത്തില്‍ 14 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയും ചില വിദ്യാര്‍ത്ഥികള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്തു.ഒരു മണിക്കൂറിലധികം ആളിപ്പടര്‍ന്ന തീ അണച്ച ശേഷമാണ് 13 മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഒരു വാണിജ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ കോച്ചിംഗ് സെന്ററിന് പുറമെ ഒരു പെറ്റ് ഷോപ്പും മറ്റ് കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയിലുള്ള സെന്ററില്‍ നിന്ന് നിരവധി പേര്‍ താഴേക്ക് ചാടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തീപ്പിടുത്തത്തിനിടയിൽ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയെയും അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ. അഞ്ചു മുതൽ ഏഴു വരെ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതായും ഇതിൽ ഒരാളുടെ അസ്ഥിക്ക് ഒടിവുണ്ടായതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ ചില ജനലുകൾ തകർത്തിരുന്നു.
വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡെപ്യൂട്ടി മുഖ്യമന്ത്രി ബ്രജേഷ് പഥക് സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. പരിക്കേറ്റവർക്ക് കൃത്യമായ വൈദ്യസഹായം ഉറപ്പാക്കാനും ആശ്വാസ നടപടികൾ വേഗത്തിലാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

