കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ വിജയത്തിൽ കടുത്ത അട്ടിമറി ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് കൂട്ടുനിന്നുവെന്നും ഏകദേശം നൂറോളം സീറ്റുകൾ തങ്ങളിൽ നിന്ന് മോഷ്ടിച്ചുവെന്നുമാണ് മമതയുടെ ആരോപണം. വാർത്താസമ്മേളനത്തിൽ, താൻ രാജി സമർപ്പിക്കില്ലെന്നും ഈ അനീതിക്കെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി. തൃണമൂലിന്റെ ശക്തികേന്ദ്രമായ ഭവാനിപൂരിൽ പോലും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഈ പ്രസ്താവന.
സംസ്ഥാനത്തുടനീളം തൃണമൂൽ പ്രവർത്തകർക്ക് നേരെ ബിജെപി വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങൾ ബിജെപി ഗുണ്ടകൾ ഹൈജാക്ക് ചെയ്തെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബംഗാളിൽ ഇരുനൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരം ഉറപ്പിച്ചെങ്കിലും, യഥാർത്ഥ വിജയികൾ തങ്ങളാണെന്നാണ് മമതയുടെ നിലപാട്. ജനവിധിയെ ബിജെപി അട്ടിമറിച്ചതാണെന്നും നിയമപോരാട്ടവും രാഷ്ട്രീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

