Sat. May 16th, 2026

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ എന്ന ചിത്രം മെയ് 14-ന് തിയേറ്ററുകളിലെത്തും. ഒരു സമ്പൂർണ്ണ മാസ് കൊമേഴ്‌സ്യൽ എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ ഇതിനോടകം പൂർത്തിയായി. ‘UA 13+’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും മുപ്പത് മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇതുവരെ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മേക്കോവറിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

സാങ്കേതിക മേഖലയിലും മികവുറ്റ നിരയാണ് ചിത്രത്തിന് പിന്നിലുള്ളത്. യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ജി.കെ. വിഷ്ണുവാണ്. അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്ന ആക്ഷൻ സീക്വൻസുകൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. അരുൺ വെഞ്ഞാറമൂടാണ് പ്രൊഡക്ഷൻ ഡിസൈനർ. കലൈവാനൻ എഡിറ്റിംഗും നിർവഹിക്കുന്നു.

ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ ഇതിനോടകം വിറ്റുപോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സ് ഒടിടി അവകാശവും സീ തമിഴ് സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയെന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും സൂര്യ-തൃഷ കൂട്ടുകെട്ടിനെ വീണ്ടും സ്ക്രീനിൽ കാണാനായുള്ള ആവേശത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *