ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എം.എസ്. ധോണിയുടെ തിരിച്ചുവരവ് വീണ്ടും നീളുന്നു. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിലും താരം കളിക്കില്ലെന്ന് ഉറപ്പായി. മത്സരത്തിനായി ടീമിനൊപ്പം ഡൽഹിയിലേക്ക് പോകാതെ ധോണി ചെന്നൈയിൽ തന്നെ തുടരുകയാണ്.
സീസണിന്റെ തുടക്കത്തിൽ ഏറ്റ പരിക്ക് മാറിയെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും പരിശീലനത്തിനിടെ പരിക്ക് വീണ്ടും വില്ലനാകുകയായിരുന്നു. ധോണിയുടെ കാലിലെ പരിക്ക് അല്പം സങ്കീർണ്ണമാണെന്നും തിരക്കിട്ട് കളത്തിലിറങ്ങുന്നത് സീസൺ തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കുകയാണെന്നും ടീം ഹെഡ് കോച്ച് സ്റ്റീഫൻ ഫ്‌ളെമിംഗ് വ്യക്തമാക്കി.
അതേസമയം, ധോണിയുടെ അസാന്നിധ്യത്തിൽ ചെന്നൈക്കായി വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുന്ന മലയാളി താരം സഞ്ജു സാംസൺ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ചെന്നൈ ടീമിലെ തന്റെ ആദ്യ സീസണിൽ തന്നെ രണ്ട് സെഞ്ച്വറികൾ നേടിയ സഞ്ജു, 9 മത്സരങ്ങളിൽ നിന്ന് 315 റൺസുമായി ബാറ്റിംഗിലും കരുത്തുകാട്ടുന്നുണ്ട്. ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ സഞ്ജുവിന്റെ ഈ ഫോം ടീമിന് വലിയ ആശ്വാസമാണ് നൽകുന്നത്.

