തിരുവനന്തപുരം: അവധി അപേക്ഷയുടെ പേരില്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതികരിച്ച് ഡോ. കെ ജെ റീന. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന പറഞ്ഞു.
15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും ഡോ.റീന പറഞ്ഞു. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചര്‍ച്ച ചെയ്ത് ഫോണ്‍ വെച്ചതിന് തൊട്ടുപിന്നാലെ ആണ് തന്നെ നീക്കിക്കൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല.
ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയി. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഇത്രയും കാലം സര്‍വീസ് കഴിഞ്ഞ് പോകുന്നയാളെ തെറ്റായി ചിത്രീകരിക്കരുത്. താന്‍ മാറിയിരിക്കണമെന്ന് നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ അനുസരിക്കുമായിരുന്നു. തന്റെ മുപ്പതര വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരിക്കല്‍ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സര്‍വീസിന് തന്നെ വേണ്ടെങ്കില്‍ കടിച്ചുതൂങ്ങി നില്‍ക്കാനില്ലെന്നും അവര്‍ പറഞ്ഞു.

