Wed. Jun 10th, 2026

തിരുവനന്തപുരം: ‘ഈ നാട്ടിൽ കോൺഗ്രസ് നിയമസഭാ ഇലക്ഷനിൽ ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല, പോരാടാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനിച്ചിരിക്കുന്നതെന്നും’ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്. സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിന് നേരെ പൊലീസ് ഒത്താശയോടെയാണ് കെ എസ് യു ഗുണ്ടകൾ കല്ലേറ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ആ അക്രമത്തെ പ്രതിരോധിച്ചതിനുള്ള സമ്മാനമായാണ് പൊലീസ് തങ്ങളുടെ പ്രവർത്തകരുടെ കൈ തല്ലിയൊടിച്ചതെന്നും, കേരളത്തിൽ തങ്ങൾക്ക് സമരം ചെയ്യാൻ അവകാശമില്ലേയെന്നും ഇന്നലെ കെ എസ് യുവും പൊലീസും നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കവേ അദ്ദേഹം ചോദിച്ചു.

പൊലീസ് പൂർണ്ണമായും കെ എസ് യുവിന്റെ ഗുണ്ടാസംഘമായി മാറിയെന്ന് രൂക്ഷമായി വിമർശിച്ച സഞ്ജീവ് പി.എസ്, വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ട് ഗ്രനേഡ് പൊട്ടിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്തു. തങ്ങൾ ഏത് പൊതുമുതലാണ് നശിപ്പിച്ചതെന്നും തങ്ങളുടേത് അരാജക സമരമല്ല, മറിച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളെ പൊലീസുകാർ നന്നായി ഓർത്തുവെച്ചോളൂ, നാളെ നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ പ്രശ്നമുണ്ടാകുമ്പോൾ ഓടിയെത്താൻ ഈ മുഖങ്ങൾ തന്നെയാകും ഉണ്ടാവുക” എന്നും പൊലീസിന് സഞ്ജീവ് ശക്തമായ മുന്നറിയിപ്പ് നൽകി.

വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ന്യായമായ വിഷയങ്ങൾ ഏറ്റെടുക്കുന്ന എസ്എഫ്ഐയെ ചോരയിൽ മുക്കിക്കൊല്ലാനാണ് ശ്രമമെങ്കിൽ അതും മറികടന്ന് വന്ന ചരിത്രമാണ് തങ്ങൾക്കുള്ളതെന്ന് സഞ്ജീവ് തിരുവനന്തപുരത്ത് ഓർമ്മിപ്പിച്ചു. തങ്ങൾക്കെതിരെ എത്ര കടുത്ത പൊലീസ് അടിച്ചമർത്തലുകൾ ഉണ്ടായാലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സംഘടനയുടെ തീരുമാനം. തങ്ങളെ ഭയപ്പെടുത്തി പിന്നോട്ട് മാറ്റാമെന്ന് ആരും കരുതേണ്ടതില്ലെന്നും വിദ്യാർത്ഥി സമൂഹത്തിനൊപ്പം അചഞ്ചലമായി പോരാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *