Wed. Jun 10th, 2026

കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സി പി ഐയുടെ മുതിര്‍ന്ന നേതാവ് കെ കെ ശിവരാമന്‍. തിരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും ശിവരാമനെ പാര്‍ട്ടി നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടുവെന്നും എന്നാല്‍ ഇക്കാര്യം തന്നെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും കെ കെ ശിവരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരെ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പീരുമേട്ടിലെ സി പി ഐ സ്ഥാനാര്‍ഥിയുടെ പരാജയ കാരണം സ്ഥാനാര്‍ത്ഥി തന്നെയാണെന്നും ശിവരാമന്‍ പറഞ്ഞു.

പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും നീക്കിയത്. സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍ നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് ശിവരാമന്‍ തുറന്നടിച്ചിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറായിരുന്നു പീരുമേട്ടിലെ ഇടത് സാരഥി.

Leave a Reply

Your email address will not be published. Required fields are marked *