തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ്യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ കനത്ത സംഘർഷം. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ മുന്നിൽ നിർത്തിയായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടഞ്ഞ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ആറിലധികം തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ പൊലീസിന്റെ ശക്തമായ പ്രതിരോധത്തിന് മുന്നിലും പിന്മാറാൻ തയ്യാറാകാതെ പ്രവർത്തകർ റോഡിൽ നിലയുറപ്പിച്ചു.
സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമാധാനപൂർവം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം കെഎസ് യു പ്രവർത്തകർ കടുത്ത കല്ലേറ് നടത്തിയത്. ഈ ആക്രമണത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി. ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം ആഷിക് പ്രദീപ്, മനേഷ്, ജില്ലാ കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന സെക്രട്ടറി സന്ദീപ് ഡി.എസ് എന്നിവരുൾപ്പെടെയുള്ള നിരവധി നേതാക്കൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഈ നേതാക്കൾ തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മാർച്ചിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയത്.

