ന്യൂഡൽഹി: സി ബി എസ് ഇ പരീക്ഷകളുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ എസ് എം) സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും നേതൃത്വത്തിലുള്ള സഖ്യം രാജ്യത്തെ മറ്റൊരു പ്രമുഖ സ്ഥാപനത്തെക്കൂടി അഴിമതിയുടെയും ക്രമക്കേടിന്റെയും പ്രതീകമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ജെൻ സി’ (പുതിയ തലമുറ) പ്രധാനമന്ത്രിയുടെ അഹങ്കാരം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തിയത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി ബി എസ് ഇ ബോർഡ് പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഗുരുതരമായ പരാതികൾ ഉയരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ 18.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സി ബി എസ് ഇ പരീക്ഷ എഴുതിയത്. എന്നാൽ ഒ എസ് എം മൂല്യനിർണ്ണയത്തിലെ പിഴവുകൾ, തെറ്റായ മാർക്ക് രേഖപ്പെടുത്തൽ, മൂല്യനിർണ്ണയത്തിലെ അപാകതകൾ എന്നിവയെക്കുറിച്ച് ഒരാഴ്ചയിലധികമായി പരാതികൾ ഉയർന്നിട്ടും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ കേൾക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പരാതികൾ കേൾക്കാതെ വിദ്യാഭ്യാസ മന്ത്രി തന്റെ കസേരയിൽ കടിച്ചുതൂങ്ങി കിടക്കുകയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതു കൊണ്ടുതന്നെ നിലവിലെ മോദി സർക്കാർ രാജ്യത്തെ യുവാക്കളെയും പുതിയ തലമുറയെയും ഭയപ്പെടുകയാണെന്നതാണ് യഥാർത്ഥ വസ്തുതയെന്നും രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

