Wed. Jun 10th, 2026

ന്യൂഡല്‍ഹി: ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രമാണ്. മതപരമായ ആചാരങ്ങളും വിശ്വാസവും തീരുമാനിക്കാന്‍ ബോര്‍ഡിന് സ്വയംഭരണാധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി എസ് സുധീര്‍ ആണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്.

പ്രത്യേക മത വിഭാഗങ്ങളെക്കുറിച്ച് വിവിധ സുപ്രീംകോടതി വിധികളില്‍ വിശദീകരിക്കുന്നുണ്ട്. ഈ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ശബരിമല പ്രത്യേക മത വിഭാഗ ക്ഷേത്രം ആണെന്ന് വ്യക്തമാകുമെന്ന് ദേവസ്വം ബോര്‍ഡ് ചതൂണ്ടിക്കാട്ടി.

ശബരിമലയില്‍ ലിംഗ വിവേചനമില്ല. പ്രായപരിധിയിലുള്ള വിലക്ക് മാത്രമേയുള്ളു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ട്. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സന്തുലിതമായി വേണം വ്യാഖ്യാനിക്കാന്‍. ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഹൈക്കോടതി വിധിയെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഒന്‍പതംഗ അംഗ ഭരണഘടനാ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *