തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ വാക് പോര്. രൂക്ഷമായ സാഹചര്യം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കി. ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് ചൂണ്ടിക്കാട്ടി. തുടര്‍ന്നു സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പി എ മുഹമ്മദ് റിയാസാണ് അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകര്‍ച്ച നേരിടുന്നുവെന്ന് റിയാസ് സഭയില്‍ പറഞ്ഞു. കെ മുരളീധരന്റെ പഴയ പരാമര്‍ശം ആയുധമാക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നിപ വരുമെന്ന് പറഞ്ഞ ആളാണ് വകുപ്പ് ഭരിക്കുന്നത്. പകര്‍ച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാന്‍ ഇല്ലെന്നും റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പില്‍ എകോപനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിംഗില്‍ പത്ത് വര്‍ഷം മുന്പുള്ളവര് തിരിച്ച് വരുന്നുവെന്നും എല്ലാവരേയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും പറഞ്ഞു.
നാല് ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരില്ല. തമ്മിലടിയെ തുടര്‍ന്ന് കോഴിക്കോടിന് മന്ത്രിയില്ല. ഒരു മെഡിക്കല്‍ ഓഫീസറെ എങ്കിലും കോഴിക്കോടിന് നല്കിക്കൂടെ എന്നും അദ്ദേഹം ചോദിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്ന് വരുന്നത്. മരുന്നെത്തിയത് പ്രതിപക്ഷം പ്രതിഷേധിച്ച ശേഷമാണ്. അടിയന്തര പ്രമേയത്തിനിടെ ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെയും റിയാസ് ആഞ്ഞടിച്ചു. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാള്‍ ഭയക്കണം എന്നും റിയാസ് പറഞ്ഞു.
സഭയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ മുരളീധരനും തിരിച്ചടിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ റീല്‍സും അഞ്ചു വര്‍ഷത്തെ വീണ മീട്ടലും ആണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും സംസ്ഥാനത്ത് ഒരു നിപയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇന്ത്യയിലെവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും കെ മുരളീധരന് മറുപടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഭരണം മാറിയത് അറിയാതെ മുന്‍ സര്‍ക്കാരിനോട് കൂറ് കാണിക്കുന്നു. 24 മണിക്കൂറില്‍ നിപക്കുള്ള മരുന്ന് വിദേശത്തു നിന്ന് എത്തിച്ചു. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് വകുപ്പ് തല ഏകോപനവും നടപടിയും ഉണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാല്‍ രോഗം വരാതിരിക്കാനാണ് ജാഗ്രത.
ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യ പ്രതിരോധ ജാഗ്രത ഉറപ്പാക്കും. ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധി വ്യാപനത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതല്‍ ഒരു പ്രതിരോധ പ്രവര്‍ത്തനവും നടന്നില്ല. സര്‍ക്കാരിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ കസേര മാറ്റി. ഇത് അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് കെ മുരളീധരന് സഭയില്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനുള്ള സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.

