Mon. Jun 22nd, 2026

ന്യൂഡൽഹി: കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപുറമെ, ഉത്തർപ്രദേശിൽ പരീക്ഷാഹാളിൽ സിം കാർഡുമായി എത്തിയ വിദ്യാർത്ഥിയെയും കസ്റ്റഡിയിലെടുത്തു.

ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷയെഴുതാൻ എത്തിയ ഒൻപത് പേരാണ് പോലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും ഇയാളിൽ നിന്ന് കണ്ടെടുത്തു. പരീക്ഷാ ക്രമക്കേടുകൾക്കിടയിലും മൂല്യനിർണ്ണയത്തിനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഈ മാസം അവസാനത്തോടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *