കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ പദവിയില്‍ നിന്ന് മാറ്റിയ നടപടിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന് വിജയം. സര്‍ക്കാര്‍ നടപടി തടഞ്ഞ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ട്രൈബ്യൂണല്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. പുതിയ ഡയറക്ടര്‍ക്ക് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി പറഞ്ഞു.
നടപടിയെ ചോദ്യം ചെയ്ത് കെ ജെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമാണെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനു പിന്നാലെ കെ ജെ റീന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തിയതോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. കസേര വിട്ടുനല്‍കാന്‍ ഡയറക്ടറുടെ താത്ക്കാലിക ചുമതല ഏറ്റെടുത്തിരുന്ന ഡോ. മീനാക്ഷി തയ്യാറായില്ല. ഹൈക്കോടതി തീരുമാനം വരും വരെ ഓഫീസില്‍ എത്തുമെന്ന് ഡോ. റീന പ്രഖ്യാപിക്കുകയും ചെയ്തു. എറണാകുളം റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് നേരത്തെ ഡോക്ടര്‍ റീനയെ സ്ഥലം മാറ്റിയിരുന്നത്. തുടര്‍ന്ന് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

