Sat. Jun 27th, 2026

ന്യൂഡൽഹി: പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് മമ്മൂട്ടിക്ക് ബഹുമതി സമ്മാനിച്ചത്. മമ്മൂട്ടിക്കൊപ്പം പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗായിക അൽക്ക യാഗ്‌നിക്കിനും രാഷ്ട്രപതി പുരസ്കാരം നൽകി ആദരിച്ചു. പദ്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരും ചടങ്ങിൽ ബഹുമതികൾ ഏറ്റുവാങ്ങി.

കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലെത്തിയ മമ്മൂട്ടി, ഏറെ അഭിമാന നിമിഷങ്ങളോടെയാണ് വേദിയിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം രാഷ്ട്രപതിക്കരികിലെത്തിയത്. സദസ്സിലിരുന്ന് മകൻ ദുൽഖർ സൽമാൻ അഭിമാനപൂർവ്വം കൈയടിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. നിർമ്മാതാക്കളായ എസ്. ജോർജ്, ആന്റോ ജോസഫ് തുടങ്ങിയവരും ഈ സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

1998-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ച മമ്മൂട്ടിയെ 28 വർഷങ്ങൾക്ക് ശേഷമാണ് പദ്മഭൂഷൺ തേടിയെത്തുന്നത്. മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളും പത്ത് സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അംഗീകാരം. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അടക്കം തിളങ്ങിയ മമ്മൂട്ടി, ഇന്നും പരീക്ഷണ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച അതേ ദിവസമാണ് പദ്മഭൂഷൺ പ്രഖ്യാപനമെത്തിയത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *