Mon. Apr 20th, 2026

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരായ പ്രതിപക്ഷ നിലപാടിനെതിരെയും കോൺഗ്രസിനെതിരെയും ലോക്‌സഭയിൽ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വിഘടിപ്പിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും, തല നരയ്ക്കുകയല്ലാതെ ഭരണം പിടിക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. 2029-ലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ അമിത് ഷാ തള്ളി. 50 ശതമാനം ലോക്‌സഭാ സീറ്റുകളുടെ വർദ്ധനവ് എല്ലാ സംസ്ഥാനങ്ങൾക്കും ഉറപ്പുനൽകുന്നുവെന്നും ചെറിയ സംസ്ഥാനങ്ങൾക്കും വലിയ സംസ്ഥാനങ്ങൾക്കും പാർലമെന്റിൽ ഒരേ അധികാരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണ്ണയത്തിലൂടെ സീറ്റുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സാധിക്കും. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇതിനെ എതിർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സഭയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളെയും ആഭ്യന്തര മന്ത്രി വിമർശിച്ചു. രാഹുൽ ഗാന്ധി സഭയുടെ സമയം പാഴാക്കുകയാണെന്നും എങ്ങനെ പെരുമാറണമെന്ന് സഹോദരി പ്രിയങ്ക ഗാന്ധിയിൽ നിന്നെങ്കിലും പഠിക്കണമെന്നും അമിത് ഷാ പറഞ്ഞു. 2027-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2029-ൽ സംവരണം നടപ്പാക്കുക ബുദ്ധിമുട്ടാണെന്നും 2011-ലെ സെൻസസ് അടിസ്ഥാനമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണം തടയുന്നവരെ രാജ്യത്തെ മാതൃശക്തി വെറുതെ വിടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *