Sat. Apr 18th, 2026

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്താൻ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാരോ ഏതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിർദ്ദേശം. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നും വിദേശ പൗരത്വം മറച്ചുവെച്ചാണ് അദ്ദേഹം ജനപ്രതിനിധിയായി തുടരുന്നതെന്നും ആരോപിച്ച് കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

നേരത്തെ, രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ലഖ്‌നൗവിലെ പ്രത്യേക കോടതി തള്ളിയിരുന്നു. പൗരത്വ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന കീഴ്‌ക്കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക പരാതികൾ പരിശോധിച്ച ഹൈക്കോടതി, വിഷയത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് നിരീക്ഷിക്കുകയായിരുന്നു. റായ്ബറേലിയിലെ പ്രത്യേക കോടതിയിൽ നിന്നു ഹൈക്കോടതി നിർദ്ദേശപ്രകാരം ലഖ്‌നൗവിലേക്ക് മാറ്റിയ ഈ കേസിൽ, നിലവിൽ അന്വേഷണ ഏജൻസികൾ വസ്തുതകൾ പരിശോധിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *