Sat. May 16th, 2026

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പും അതിന് തൊട്ടുമുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പരാമർശങ്ങളും ചർച്ചയാകുന്നു. ട്രംപിന്റെ പ്രസംഗ ശൈലിയെ വിശേഷിപ്പിക്കാൻ കരോലിൻ ഉപയോഗിച്ച “വെടിയുണ്ടകൾ പായുന്നത് കാണാം” എന്ന വാചകമാണ് വെടിവയ്പ്പ് നടന്നതോടെ ആഗോളതലത്തിൽ ശ്രദ്ധനേടിയത്.

ഫോക്സ് ന്യൂസ് പ്രതിനിധിയോട് സംസാരിക്കവേയാണ് കരോലിൻ ഈ പരാമർശം നടത്തിയത്. ട്രംപ് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ പ്രസംഗം ക്ലാസിക് ശൈലിയിലുള്ള ഒന്നായിരിക്കുമെന്നും, എതിരാളികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടാകുമെന്ന അർത്ഥത്തിലുമാണ് തമാശരൂപേണ അവർ ഇപ്രകാരം പറഞ്ഞത്. എന്നാൽ പ്രസംഗം ആരംഭിക്കാനിരിക്കെ ഹാളിൽ യഥാർത്ഥത്തിൽ വെടിവയ്പ്പ് ഉണ്ടായതോടെ ഈ വാക്കുകൾ ഭീതിജനകമായ യാദൃശ്ചികതയായി മാറി.

ട്രംപ്, പ്രഥമ വനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ വേദിയിലിരിക്കെയാണ് ഹാളിൽ വെടിവയ്പ്പുണ്ടായത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറുകയും എല്ലാവരോടും നിലത്ത് കിടക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 31 കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷാ സേന ഉടൻ തന്നെ കീഴടക്കി. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *