അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അബുദാബിയിൽ സ്വീകരിച്ചു. മേഖലയിലെ സുസ്ഥിരത, ആഗോള ഊർജ്ജ സുരക്ഷ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അജിത് ഡോവൽ യു എ ഇ പ്രസിഡന്റിനെ അറിയിച്ചു. യു എ ഇയുടെ തുടർച്ചയായ പുരോഗതിക്കും അഭിവൃദ്ധിക്കുമുള്ള ആശംസകൾ അദ്ദേഹം കൈമാറി. മറുപടിയായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും കൂടുതൽ വികസനവും ഐശ്വര്യവും നേർന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളും പ്രാദേശിക അന്തർദേശീയ സുരക്ഷയിലും സുസ്ഥിരതയിലും അവ ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ചയിൽ വിഷയമായി. ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് അൽ ശംസി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

