തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു എന്ന ആരോപണത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും ഭാര്യ വീണാ വിജയനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് നിയമപ്രകാരമുളള കേസാണിതെന്നും അന്വേഷണം ആവശ്യമില്ലെന്നുമാണ് പോലീസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.
അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജന് നല്കിയ ഹjജിയില്‍ കോടതി ആവശ്യപ്പെട്ട പ്രകാരമാണ് പോലീസ് റിപോര്‍ട്ട് നല്‍കിയത്. പി എ മുഹമ്മദ് റിയാസിന്റെ നാമനിര്‍ദേശ പത്രികയില്‍ ഭാര്യ വീണാ വിജയന് സി എം ആര് എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നാണ് ഹരജിക്കാരന്റെ വാദം. ബോധപൂര്‍വം വിവരങ്ങള്‍ മറച്ചുവെച്ച ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിക്കാരന് ഉന്നയിച്ച പ്രധാന ആവശ്യം. കേസില്‍ പ്രാഥമിക വാദം കേട്ട കോടതി മെയ് ആറിന് വിധി പറയും.

