മനാമ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ആക്രമണങ്ങളും ഖനന പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് പിന്തുണ തേടി അമേരിക്ക. ബഹ്‌റൈൻ മുന്നോട്ടുവെച്ചതും സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ പിന്തുണയ്ക്കുന്നതുമായ കരട് പ്രമേയം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇറാൻ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള നാവിക മൈനുകളുടെ സ്ഥാനം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
യുഎൻ സുരക്ഷാ കൗൺസിലിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളോടൊപ്പം സംസാരിച്ച അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സ്, പ്രമേയത്തെ എതിർക്കുന്ന രാജ്യങ്ങൾ അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി. സമുദ്ര സുരക്ഷയിൽ ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത അളക്കാനുള്ള പരീക്ഷണമാണിതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചു.
എന്നാൽ, ഈ നീക്കത്തെ വീറ്റോ അധികാരം ഉപയോഗിച്ച് തടയാനാണ് റഷ്യയുടെയും ചൈനയുടെയും നീക്കം. പ്രമേയത്തിലെ നിർബന്ധിത നടപടികൾക്കുള്ള പരാമർശങ്ങളിൽ ചൈന ആശങ്ക പ്രകടിപ്പിച്ചപ്പോൾ, കരട് പൂർണ്ണമായി പിൻവലിക്കണമെന്ന നിലപാടിലാണ് റഷ്യ. അമേരിക്ക ഏകപക്ഷീയമായും രാഷ്ട്രീയ പ്രേരിതമായും നീങ്ങുകയാണെന്ന് ആരോപിച്ച് ഇറാൻ്റെ യുഎൻ പ്രതിനിധി അമീർ സയീദ് ഇറവാനി പ്രമേയത്തെ തള്ളിപ്പറഞ്ഞു. ഗൾഫിൽ ഇറാനിയൻ കപ്പലുകളെ ലക്ഷ്യമിടുന്ന യുഎസ് സൈന്യത്തിന് സമുദ്ര സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഏതാനും ആഴ്ചകൾക്ക് മുൻപ് സമാനമായ രീതിയിൽ അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ഇറാനെതിരായ അമേരിക്ക സൈനിക നീക്കത്തിന് വഴിയൊരുക്കുന്നതാണ് ഇത്തരം പ്രമേയങ്ങൾ എന്നാണ് ഇരു രാജ്യങ്ങളുടെയും വിമർശനം. ഇതോടെ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ പുതിയൊരു നയതന്ത്ര ഏറ്റുമുട്ടലിന് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്.

