Sat. May 16th, 2026

ദൈനംദിന കാര്യങ്ങൾക്കായി നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ പ്രശ്നപരിഹാര ശേഷിയെയും ചിന്താശേഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠനം. കാർണഗി മെലോൺ, എംഐടി, ഓക്സ്ഫഡ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തലുകളുള്ളത്. വെറും പത്ത് മിനിറ്റ് നേരത്തെ എഐ സഹായം പോലും ഒരു വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള കഴിവിനെ തളർത്തുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ഗണിത പ്രശ്നങ്ങളും വായനയുമായി ബന്ധപ്പെട്ട ടാസ്കുകളും ഓൺലൈനായി നൽകിയാണ് പഠനം നടത്തിയത്. ഇതിൽ എഐ അസിസ്റ്റന്റുകളുടെ സഹായം തേടിയവർക്ക് പെട്ടെന്ന് ഉത്തരം കണ്ടെത്താൻ സാധിച്ചെങ്കിലും, ആ സഹായം പിൻവലിച്ചപ്പോൾ അവർക്ക് ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ പ്രയാസം നേരിട്ടു. എഐയെ ആശ്രയിച്ചവർ പെട്ടെന്ന് തന്നെ പരിശ്രമങ്ങളിൽ നിന്ന് പിന്മാറുന്നതായും ഉത്തരങ്ങളിൽ പിഴവുകൾ വരുത്തുന്നതായും കണ്ടെത്തി. ‘AI Assistance Reduces Persistence and Hurts Independent Performance’ എന്ന പേരിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരങ്ങൾ തേടാനായി എഐ ഉപയോഗിക്കുന്നവരിലാണ് ഈ ബൗദ്ധിക തളർച്ച കൂടുതൽ കാണപ്പെടുന്നത്. എന്നാൽ സംശയനിവാരണത്തിനോ സൂചനകൾക്കോ വേണ്ടി മാത്രം എഐയെ ഉപയോഗിക്കുന്നത് ചിന്താശേഷിയെ കാര്യമായി ബാധിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നിർമിതബുദ്ധി മനുഷ്യരെ അലസരാക്കുന്നതിലൂടെ അവരുടെ സ്വതസിദ്ധമായ കഴിവുകൾ ഇല്ലാതാകുകയാണ് ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിസ്ഥലത്തോ എഐ നിരോധിക്കണം എന്നല്ല ഈ പഠനം അർത്ഥമാക്കുന്നതെന്ന് എംഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറായ മൈക്കിൾ ബക്കർ പറയുന്നു. പകരം, ഉത്തരങ്ങൾ നേരിട്ട് നൽകുന്നതിന് പകരം ഉപയോക്താക്കളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പുതിയ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് എഐ മാറണം. മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ അപകടം, എഐ ഉപയോഗത്തിലൂടെ മനുഷ്യൻ തന്നെ അശക്തനായി മാറുന്നതാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *