കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന് വേണ്ടി വാദിച്ച അഭിഭാഷകനെ തന്നെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പി. രാജീവ് ആരോപിച്ചു.
കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ തത്രപ്പെടുകയാണെന്നും, ഒരു സർക്കാരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണിതെന്നും പി. രാജീവ് പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരത്തോടെ നടന്ന ഈ നിയമനത്തിന് പിന്നിൽ വലിയ നിഗൂഢതകളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നും, ഈ നിയമനം അവർക്ക് വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മുൻ സർക്കാർ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേസന്വേഷണം നടത്താൻ എല്ലാവിധ സ്വാതന്ത്ര്യവും നൽകുകയും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ആളെത്തന്നെ ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

