ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ സേവനത്തിന് പ്രതിമാസം 30,000 രൂപ വേതനം കണക്കാക്കി ഭർത്താവിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. വീട്ടമ്മമാർ രാഷ്ട്രനിർമ്മാതാക്കളാണെന്നും അവരുടെ സംഭാവനകൾ രാജ്യത്തിന്റെയും മനുഷ്യരുടെയും വളർച്ചയ്ക്ക് അനിവാര്യമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ ചരിത്രപരമായ ഈ വിധി. നിലവിൽ ഇത്തരം കേസുകളിൽ വീട്ടമ്മമാർക്ക് മിനിമം കൂലിയുടെ അടിസ്ഥാനത്തിൽ നാമമാത്രമായ തുക നഷ്ടപരിഹാരമായി നൽകിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റം വരുന്നത്.
പഞ്ചാബ് സ്വദേശിയായ ഒരാൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. 2001-ൽ വാഹനാപകടത്തിൽ മരിച്ച തന്റെ ഭാര്യയുടെ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ട്രിബ്യൂണൽ 2.24 ലക്ഷം രൂപയും, ഹൈക്കോടതി 8.43 ലക്ഷം രൂപയും നഷ്ടപരിഹാരമായി വിധിച്ചിരുന്നെങ്കിലും അത് അപര്യാപ്തമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി, തുക 62.77 ലക്ഷം രൂപയായി ഉയർത്താൻ ഉത്തരവിട്ടു. വീട്ടമ്മമാരുടെ സേവനം ഇന്ത്യയുടെ ജി.ഡി.പി.യുടെ 15 മുതൽ 17 ശതമാനം വരെ മൂല്യമുള്ളതാണെന്നും, എന്നാൽ അതിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ഭാവിയിൽ വീട്ടമ്മമാർ ‘രാഷ്ട്രനിർമ്മാതാക്കൾ’ എന്ന നിലയിൽ ആദരിക്കപ്പെടുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
ഇതോടൊപ്പം, വാഹനാപകട നഷ്ടപരിഹാരക്കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കണമെന്നും, ഇത്തരം കേസുകളുടെ പുരോഗതി എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും നിരീക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുടുംബത്തിലെ വരുമാനമുള്ള അംഗങ്ങൾ വീട്ടമ്മമാരെ ആശ്രയിക്കുന്നുണ്ടെങ്കിലും, അവരുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായോ സാമൂഹികമായോ അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യം സുപ്രീംകോടതി തന്റെ വിധിയിലൂടെ അടിവരയിടുന്നു.

