Fri. Jun 12th, 2026

✍️ ലിബി.സി.എസ്

“ജൂൺ 12ഒരു ദുഃഖവെള്ളി പോലെ ഹർത്താൽ ദിനം ഒരു വെള്ളിയാഴ്ചയായിരുന്നു. ഒരു ദുഃഖവെള്ളി പോലെ ഹർത്താൽ ആചരിക്കണമെന്നായിരുന്നു പി.എസ്.പി.നേതാവ് ജോസഫ് ചാഴിക്കാടന്റെ ആഹ്വാനം ദുഃഖവെള്ളിയാഴ്ചയായില്ലെങ്കിലും ഹർത്താൽ വിജയം തന്നെയായിരുന്നു. പാലായിൽ മാത്രമാണ് സംഘർഷവും ലാത്തിച്ചാർജ്ജും നടന്നത്. വിമോചന സമരസമിതി സംസ്ഥാന പ്രസിഡന്റ് മന്നത്ത് പത്മനാഭൻ ഉദ്ഘാടനം ചെയ്ത സമരകേന്ദ്രം ഏറ്റുമാനൂർ കോവിൽ മൈതാനമായിരുന്നു. മനോരമയും ദീപികയും പങ്കെടുത്തവരുടെ എണ്ണക്കണക്കിൽ പരസ്പരം മത്സരിച്ചു. ഐതിഹാസിക സമരത്തിന് ആത്മാർപ്പണം ചെയ്യുന്ന പുണ്യദിനത്തിൽ വിജയം കണ്ടല്ലാതെ മടങ്ങുകയില്ലെന്ന് വീരവ്രതം വരിക്കാൻ മന്നം ആഹ്വാനം ചെയ്തു. ഗവൺമെന്റിനെ മറച്ചിടാതടങ്ങില്ലെന്ന് പട്ടവും പ്രതിജ്ഞയെടുത്തു. വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയിൽ ഗവൺമെന്റിനെ താഴെയിറക്കുന്നതുവരെ സമരമെന്ന് പി.ടി.ചാക്കോയും പ്രഖ്യാപിച്ചതോടെ വിമോചനക്കാരും കോൺഗ്രസും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും അക്ഷരാർത്ഥത്തിൽ ഇല്ലാതായി. സർക്കാരിനെതിരെയുള്ള കുറ്റങ്ങൾ എല്ലാ സമരകേന്ദ്രങ്ങളിലും വായിക്കാൻ നേരത്തേ തയ്യാറാക്കി നൽകിയിരുന്നു. കുറ്റങ്ങൾ അക്കമിട്ട് നേതാക്കൾ നിരത്തുമ്പോൾ പ്രമേയത്തിൽ എല്ലാവരും ഒപ്പുവച്ച് കേന്ദ്രത്തിനയക്കാനായിരുന്നു പ്ലാൻ.

വിമോചനസമരത്തിന് കോൺഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധി വിജയാശംസ നേർന്നെന്നും കേരളത്തിലെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചെന്നുമുള്ള വാർത്ത മനോരമയിൽ.

ഹർത്താൽ ദിനത്തിൽ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പട്ടവും നാലു മണിക്ക് പ്രതിപക്ഷ നേതാവ് ചാക്കോയും തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി. അമേരിക്ക, ബ്രിട്ടൻ, പശ്ചിമ ജർമനി തുടങ്ങിയ രാജ്യങ്ങളുടേതുൾപ്പെടെ പത്രപ്രവർത്തകർ സന്നിഹിതരായിരുന്നു.” -ഡോ.ടി.എം.തോമസ് ഐസക്-ന്റെ ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന്.

1959 ജൂൺ 12: വിമോചനസമരത്തിന് തുടക്കമിട്ട ദിനം.

പുനരുത്ഥാനകേരളത്തിൽ പരാജയപ്പെട്ട ഒരു സമരമാണ് നവോത്ഥാനസമരം. എന്നാൽ വിജയിച്ച സമരമാണ് വിമോചനസമരം. എങ്കിലും പുരോഗമന നാട്യക്കാരുടെ നാടായ കേരളം അറിയപ്പെടുന്നത് നവോത്ഥാനകേരളമെന്ന വ്യാജപേരിലായിരുന്നു. വാസ്തവത്തിൽ കേരളത്തിന് യോജിച്ച പേര് ‘വിമോചന സമരകേരളം’ എന്നതാണ്.

അവർക്ക് അതൊരു ധർമയുദ്ധമായിരുന്നു!

നവകേരളത്തിൻറെ ആചാര്യ സ്ഥാനത്തിന് എന്തുകൊണ്ടും അർഹൻ മന്നത്താചാര്യൻ തന്നെയാണ്!
വിമോചന സമര പ്രക്ഷോഭ കാലത്ത് (1959) പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയുമൊക്കെ കേരളത്തിലെത്തി മന്നത്തിനെ കണ്ടിരുന്നു. മന്നത്തിനെ കണ്ടപ്പോൾ നെഹ്രു ചോദിച്ചു “അധികമാളുകളും കിടക്കയിലോ ചാരുകസേരയിലോ കിടന്നു വിശ്രമിച്ച് സമയം പോക്കുന്ന ഈ പ്രായത്തിൽ ഇത്തരത്തിലൊരു പ്രക്ഷോഭണം നടത്തുന്നതെന്തുകൊണ്ട്?”

മന്നം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു- “എന്തുകൊണ്ടു വയ്യാ? കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവരെ നയിച്ച ധർമപുത്രരുടെ പ്രായം എൺപത്. അതൊരു ധർമയുദ്ധമായിരുന്നു. ഇതും അതു തന്നെ. മന്നത്തിൻ്റെ കണ്ണുകളിലെ തിളക്കം നെഹ്രു കണ്ടു.” (മന്നം ശതാഭിഷേകോപഹാരം)
സുനാതനത്തിൽ ധർമ്മം എന്ന വാക്ക് തന്നെ അല്ലെങ്കിലും കോമഡിയാണ്!

വിമോചനസമരത്തിലേക്ക് നയിച്ച സംഭവഗതികളിൽ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രമാദ്ധ്യമങ്ങൾ വഹിച്ച പങ്ക് വളരെ പ്രകടമായിരുന്നു. ക്രൈസ്തവസഭകൾ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പത്രങ്ങളെ വ്യാപകമായി ഒരു കമ്യൂണിസ്റ്റ്-പ്രതിരോധ ആയുധമായി ഉപയോഗിച്ചു.

കർഷകത്തൊഴിലാളികളോട് ‘പാളേക്കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്നു വിളിപ്പിക്കും’, ‘ചാത്തന്‍ പൂട്ടാൻ പൊയ്ക്കോട്ടെ’, ‘ഗൗരിച്ചോത്തി പെണ്ണല്ലെ പുല്ലു പറയ്ക്കാൻ പൊയ്ക്കൂടെ’ തുടങ്ങിയ വംശീയ മുദ്രാവാക്യങ്ങൾ ഉയർന്നുവന്നത് ഈ സമരത്തിലാണ്.

മന്നത്താചാര്യൻ നേതൃത്വം നൽകിയ വിമോചന സമരത്തിലെ മഹത്തായ ചില മുദ്രാവാക്യങ്ങൾ ചുവടെ!
”വാടീ ഗൗരീ ചായ കുടി,

കേറിയിരുന്നൊരു ബീഡി വലീ…
ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരീ…
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ…
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ…
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ…
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ…
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ…
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ…
ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്!
തമ്പ്രാനെന്ന് വിളിപ്പിക്കും,
പാളേൽ കഞ്ഞി കുടിപ്പിക്കും,
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ. “

“ചാത്തൻ പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കുവാൻ സാധ്യമല്ല” -മന്നത്താചാര്യൻ (മുതുകുളം പ്രസംഗം)

ജാതി-മത ശക്തികളുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ ആവിർഭാവം ഉണ്ടാക്കുകയും പുരോഗമനപരമായ ഭാവിക്ക് തന്നെ കടിഞ്ഞാൺ ഇട്ടുകൊണ്ട് മത മേലദ്ധ്യക്ഷന്‍മാർക്ക് മേൽക്കൊയ്മ നേടികൊടുക്കുകയും ചെയ്ത വിമോചനസമരം സാമൂഹിക മുന്നേറ്റത്തിനേറ്റ വലിയ ആഘാതവും ക്ഷതവും ആയിരുന്നു. ഇന്ന് കേരളം നേരിടുന്ന എല്ലാ പ്രതിലോമപരമായ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രവും വിമോചന സമരമായിരുന്നു.

ഈ സമരത്തിൽ പപ്പനാവനും സംഘവും വിജയിച്ചു, അന്നുമുതൽ ഇന്നുവരെ പപ്പനാവനേയും സംഘത്തേയും ഭയപ്പാടോടെയേ കേരളത്തിലെ സകല പാർട്ടികളും സമീപിച്ചിട്ടുള്ളൂ.

വിമോചന സമരം ഉന്നയിച്ച ആശയങ്ങൾക്കനുസരിച്ചുള്ള ഒരു കേരളമാണ് പിന്നീട് ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ നവോത്ഥാനകേരളമെന്ന പേരിനേക്കാൾ വിമോചനസമര കേരളമെന്ന പേരാണ് കേരളത്തിന് കൂടുതൽ യോജിക്കുക.

(ഗൗരി ചോത്തീടെ കടിമാറ്റാൻ മുക്കൂട്ട് മുന്നണി നടത്തിയ വിമോചനസമരത്തിന് ഉശിരുപകരാൻ വനിതയായ അന്നത്തെ കോൺഗ്രസ് പ്രസിഡൻ്റ് ഇന്ദിരാഗാന്ധിയുമെത്തിയിരുന്നു. അവർ ശ്രീ മന്നത്തു പത്മനാഭനുമൊത്ത് വേദി പങ്കിടുന്ന ചിത്രമാണ് ഇതോടൊപ്പമുള്ളത്.)

Leave a Reply

Your email address will not be published. Required fields are marked *