കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഇടക്കാല ജാമ്യഹർജി നൽകി. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് തലശ്ശേരി കോടതിയെ സമീപിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർജിയിൽ ഇവരുടെ വാദം. നേരത്തെ ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നീക്കം. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പോലീസ് കേസെടുത്തിരുന്നു.
ക്ലാസ്സിനകത്തും പുറത്തും അധ്യാപകർ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി നിതിൻ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും നിതിനെ ഇവർ വേട്ടയാടിയിരുന്നതായാണ് സൂചന. സമാനമായ ദുരനുഭവം നേരിട്ട മറ്റ് വിദ്യാർത്ഥികളും കോളേജിലുണ്ടെന്നും, എന്നാൽ പരാതിപ്പെട്ടാൽ നടപടി നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് അവരെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെയും വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ഡോ. എം.കെ. റാം സസ്പെൻഷനിലായിട്ടുണ്ട്. പ്രതികളായ ഡോക്ടർമാരുടെ മൊഴിയെടുക്കുന്നതിനായി ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

