ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ സി ബി ഐ സുപ്രീം കോടതിയില്‍. പ്രതികളായ പോലീസുദ്യോഗസ്ഥരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ സമീപിച്ചത്. പോലീസുകാരായ നാല് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. സി ബി ഐ അപ്പീലില്‍ പ്രതികള്‍ക്ക് പരമോന്നത കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസ് അയച്ചത്.
പ്രതികള്‍ പോലീസുകാരായതിനാല്‍ ശിക്ഷ അനിവാര്യമാണെന്ന് സി ബി ഐ അഭിഭാഷകന്‍ പറഞ്ഞു. ക്രൂരമായ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഉദയകുമാറിനെ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയെന്നും 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ഉണ്ടെന്ന് സി ബി ഐ അപ്പീലില്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നും, പ്രതികള്‍ക്ക് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നുവെന്നും സി ബി ഐ അഭിഭാഷകന്‍ പറഞ്ഞു.
2005 സെപ്തംബര്‍ 27-നാണ് മോഷണക്കുറ്റം ആരോപിച്ച് ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പോലീസുകാര്‍ പിടികൂടിയത്. അന്നത്തെ ഫോര്‍ട്ട് സി ഐ. ഇ കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരായിരുന്നു പോലീസുകാര്‍. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്ക് കൈമാറുകയായിരുന്നു.

