Wed. Jun 10th, 2026

ക്വാലാലംപുര്‍: ഇറാന്‍-യു എസ്-ഇസ്രായേല്‍ യുദ്ധം ആഗോള തലത്തില്‍ ഊര്‍ജ പ്രതിസന്ധിസൃഷ്ടിച്ചതിനിടെ മലേഷ്യന്‍ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടച്ചിട്ട കടലിടുക്കിലൂടെ പോകാന്‍ മലേഷ്യന്‍ കപ്പലുകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയതിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെകിസ്താന് നന്ദി പ്രകടിപ്പിക്കുന്നതായി ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ അന്‍വര്‍ ഇബ്‌റാഹിം പറഞ്ഞു.

എണ്ണ ടാങ്കറുകളെ അപായമൊന്നും സംഭവിക്കാതെ കടലിടുക്കിലൂടെ കൊണ്ടുവരുന്നതിനും നാട്ടിലേക്കുള്ള യാത്ര തുടരാന്‍ സാധിക്കും വിധം അവയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള പരിശ്രമങ്ങളിലായിരുന്നു തങ്ങളെന്ന് അന്‍വര്‍ പറഞ്ഞു.

എന്നാല്‍, രാജ്യത്തിന്റെ എത്ര കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്ക് താണ്ടിയതെന്ന് അന്‍വര്‍ വിശദമാക്കിയില്ല. ആഗോള തലത്തില്‍ എണ്ണയുടെയും എല്‍ എന്‍ ജിയുടെയും അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

ഊര്‍ജ വിതരണത്തിലെ തടസ്സം മലേഷ്യയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് രാജ്യം മെച്ചപ്പെട്ട നിലയിലാണെന്നും അന്‍വര്‍ വ്യക്തമാക്കി. രാജ്യത്തെ പൊതുമേഖലാ എണ്ണ, വാതക കമ്പനിയായ പെട്രോനാസിന്റെ ശേഷി കാരണമാണ് ഇത് സാധ്യമാകുന്നത്.

നേരത്തെ, ഇന്ത്യന്‍ കപ്പലുകളെയും ഹോര്‍മുസ് കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചിരുന്നു. ഇന്ത്യ സുഹൃത്താണെന്നും ഹോര്‍മുസ് വഴി പോകാമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കും മലേഷ്യക്കും പുറമെ, പാകിസ്താന്‍, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ കപ്പലുകളെയും ഇതുവഴി കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *