Sat. May 16th, 2026

തിരുവനന്തപുരം: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ‘അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു ഉണ്ണിത്താന്റെ കടന്നാക്രമണം. ഇത്തരം പ്രസ്താവനകൾ നടത്താൻ മാത്യു കുഴൽനാടന് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചതും പ്രിയങ്ക ഗാന്ധി വയനാട് എംപിയായതും കാസർകോട് താൻ വിജയിച്ചതും കെ. സുധാകരൻ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ നിയമസഭയിലേക്കും പാർലമെന്റിലേക്കും എത്തിയതും ലീഗിന്റെ കൂടി പിന്തുണയോടെയാണെന്ന് ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു. തങ്ങൾക്കാർക്കും ഇല്ലാത്ത എന്ത് അധികാരമാണ് മാത്യു കുഴൽനാടന് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫ് എന്ന ടീമിലെ പ്രധാനപ്പെട്ട അംഗമാണ് മുസ്ലിം ലീഗ്. അവർക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്. അത് രഹസ്യമായും പരസ്യമായും പ്രകടിപ്പിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുന്നത് ന്യൂനപക്ഷങ്ങളുടെ കൂടി വലിയ പിന്തുണയോടെയാണ്. അതിനാൽ അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നതിൽ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അഭിപ്രായം പറയുന്നവരെ കൊച്ചാക്കുന്ന പ്രവണത ശരിയല്ലെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *