മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുമ്പോള്‍ തന്നെ തേങ്ങുന്ന ഹൃദയവുമായി വന്‍ ജനാവലി കാത്തിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറിലധികം നീണ്ട പൊതുദര്‍ശനത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. നാടിന്റെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാന്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് അന്ത്യാജ്ഞലി നല്‍കാന്‍ നിരവധി പൂര്‍വവിദ്യാര്‍ഥികളും എത്തിയിരന്നു.
പുലര്‍ച്ചെ നാല് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, പൊള്ളാച്ചിയില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെത്തിച്ചത്. മരിച്ച എല്ലാവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് മുന്‍പായി പൂര്‍ത്തിയാകും. മന്ത്രി വി ശിവന്‍കുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. 13 പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ക്കാണ് പരിക്കേറ്റത്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍, വാഹനത്തിന്റെ ഡ്രൈവര്‍, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീന്‍ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊര്‍ണ്ണൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്റെ (52) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക സുഹറയുടെയും (43) മകന്‍ ഹിഷാമിന്റെയും (12) സംസ്‌കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും. അധ്യാപകനായ അബ്ദുല്‍ മജീദിന്റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്‌കാരം മാട്ടാത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സ്‌കൂള്‍ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ നടക്കും. പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിന് അടുത്തുള്ള ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീനയുടെ (37) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്.

