കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര് ഉത്തര്‍ പ്രദേശില്‍ പിടിയില്‍.
ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവല്‍(28), പ്രകാശ് ജയ്(54) എന്നിവരെ നോയിഡയില്‍ നിന്നാണ് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. നിതിന്‍ രാജിന്റെ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം നോയിഡയില്‍ എത്തിയ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. 36 ശതമാനത്തിലേറെ പലിശക്കാണ് ഈ ലോണ്‍ കമ്പനി വായ്പ നല്‍കിയിരുന്നത്.
വലിയൊരു ഐ ടി പാര്ക്കിന് സമാനമായ രീതിയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ലോണിന്റെ തിരിച്ചടവ് പരിശോധിക്കാനും വിളിക്കാനുമായി നിരവധി ജീവനക്കാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഒരേ സമയം 35 ലേറെ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇവര്‍ക്ക് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പല നമ്പറുകളില്‍ നിന്നായി മാറി-മാറി വിളിച്ച് ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി.
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണം എടുത്തിരുന്നു. പണം എടുക്കുമ്പോള്‍ റഫറന്‍സ് നമ്പറായി നല്‍കിയിരുന്നത് അധ്യാപികയുടെ ഫോണ്‍ നമ്പറായിരുന്നു. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ലോണ്‍ ആപ്പുകാര്‍ അധ്യാപികയെ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് അധ്യാപിക പരാതി നല്കി. പ്രിന്‍സിപ്പല്‍ നിതിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിതിന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്. ലോണ്‍ ആപില്‍ നിന്നുള്ള ഭീഷണി സംബന്ധിച്ചുള്ള അന്വേഷണത്തിന് സമാന്തരമായി നിതിന്‍ കോളജിലെ അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിതിന്റെ കോളജിലെ അധ്യാപകരായിരുന്ന ഡോ. എന്‍.റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നിതിന്റെ ഫോണ്‍ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ദൃശ്യം. ഇന്‍സ്റ്റാ പേ ലോണ്‍ ആപ്പില്‍ നിന്ന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റഫെറന്‍സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു. പേയ്മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ല എന്ന് പറയുന്നു.
മരണത്തിനു പിന്നിലെ ജാതി അധിക്ഷേപം സംബന്ധിച്ചു കുറ്റാരോപിതരായ അധ്യാപകര്‍ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ആത്മഹത്യയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാകാം നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ അധ്യാപകരുടെ വാദം.

