കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.കെട്ടിടത്തില്‍ നിന്ന് വീണപ്പോള്‍ മകന് മരണം സംഭവിച്ചില്ലെന്നും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ് അന്വേഷിക്കണമെന്നും പിതാവ് എല്‍ വൈ രാജന്‍ ആവശ്യപ്പെട്ടു.നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളായ അധ്യാപകരെ അറസ്റ്റുചെയ്യണമെന്നും പരാതിയിലുണ്ട്.
നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രിൻസിപ്പലിനെ കേസിൽ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട അച്ഛൻ രാജൻ, അധ്യാപകർ തന്റെ മകനെ ക്രൂരമായി വിചാരണ ചെയ്തത് കൊലപാതകത്തിന് തുല്യമാണെന്ന് ആരോപിച്ചു. ഇനിയൊരു നിതിനോ സിദ്ധാർത്ഥോ രോഹിത് വെമുലയോ ആവർത്തിക്കപ്പെടരുതെന്ന് വികാരാധീനനായി പറഞ്ഞ അദ്ദേഹം, ഒളിവിൽ കഴിയുന്ന പ്രതികളായ റാമിനെയും സംഗീതയെയും ഉടൻ പിടികൂടണമെന്നും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനങ്ങളാണ് മകന്റെ ജീവനെടുത്തതെന്നും കൂട്ടിച്ചേർത്തു.
നിതിന്റെ അച്ഛന്‍ രാജനും സഹോദരിയും സഹോദരി ഭര്‍ത്താവുമാണ് ഇന്ന് ഉച്ചയോടെ കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ കാര്യാലയത്തിലെത്തി പരാതി നല്‍കിയത്. മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തു . മരണത്തില്‍ കോളജ് മാനേജ്മെന്റിനും പങ്കുണ്ട് ഇങ്ങനെയൊരു പ്രശ്നം വന്നപ്പോള്‍ അതു പരിഹരിക്കുന്നതിനുപകരം കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുകയാണ് അവര്‍ ചെയ്തതെന്നും നിതിന്റെ പിതാവ് ആരോപിച്ചു.
നേരത്തെ, നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയത്.

