അഹമ്മദാബാദ്: പരാജയങ്ങൾ വേട്ടയാടുന്ന മുംബൈ ഇന്ത്യൻസിന് ആശ്വാസവാർത്ത. ഹാംസ്ട്രിംഗ് പരിക്ക് മൂലം വിശ്രമത്തിലായിരുന്ന മുൻ നായകൻ രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചു. ഗുജറാത്ത് ടൈറ്റൻസുമായുള്ള നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രോഹിത്തിന് പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു.
രോഹിത് കൂടുതൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന് നായകൻ ഹാർദിക് പാണ്ഡ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, അഹമ്മദാബാദിലെ നെറ്റ്‌സിൽ താരം മികച്ച രീതിയിൽ പന്തുകളെ നേരിടുന്നത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നിലവിൽ ഹെഡ് കോച്ച് മഹേല ജയവർദ്ധനെയുടെയും മെഡിക്കൽ ടീമിന്റെയും നിരീക്ഷണത്തിലാണ് താരം. അവസാന ഘട്ട കായികക്ഷമതാ പരിശോധനകൾക്ക് ശേഷം മാത്രമേ ഗുജറാത്തിനെതിരെ രോഹിത് കളിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
രോഹിത്തിന്റെ അഭാവത്തിൽ ക്വിന്റൺ ഡി കോക്കും റയാൻ റിക്കൽട്ടനുമാണ് കഴിഞ്ഞ മത്സരത്തിൽ മുംബൈക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. ഡി കോക്ക് 112 റൺസുമായി മിന്നും ഫോമിലാണെങ്കിലും റിക്കൽട്ടന്റെ പരാജയം മുംബൈയെ വലയ്ക്കുന്നുണ്ട്. രോഹിത് തിരിച്ചെത്തുന്നതോടെ വിശ്വസ്തമായ ഡി കോക്ക്-രോഹിത് സഖ്യം വീണ്ടും ഓപ്പണിംഗിൽ ഒന്നിക്കും. ഈ സീസണിലെ 4 മത്സരങ്ങളിൽ നിന്ന് 137 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാൻ രോഹിത്തിനെപ്പോലൊരു സീനിയർ താരത്തിന്റെ സാന്നിധ്യം ടീമിന് അത്യന്താപേക്ഷിതമാണ്.

