ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തി ചരിത്രം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഓൺലൈനായി ചേർന്ന പിബി യോഗത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അനുകൂലമായ വിലയിരുത്തലുണ്ടായത്. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമോ ന്യൂനപക്ഷങ്ങൾക്കിടയിൽ അതൃപ്തിയോ ഇല്ലെന്നും എൽഡിഎഫിന് ഉറപ്പായും ഭരണതുടർച്ചയുണ്ടാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി പാർലമെന്റിനെ സ്വന്തം കുതന്ത്രങ്ങൾ നടപ്പാക്കാനുള്ള വേദിയാക്കി മാറ്റാനാണ് ആർഎസ്എസ് – ബിജെപി സഖ്യം ശ്രമിക്കുന്നതെന്ന് എം.എ. ബേബി ആരോപിച്ചു. 2029 ലക്ഷ്യമിട്ട് ഇപ്പോൾ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായാണ് മോദി സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. ജമ്മു കശ്മീരിലും അസമിലും ബിജെപിക്ക് എതിരായ വോട്ടുകൾ വെട്ടിമുറിച്ച രീതി രാജ്യം മുഴുവൻ നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പങ്കിനെക്കുറിച്ചും സിപിഎം ജനറൽ സെക്രട്ടറി ചോദ്യങ്ങൾ ഉയർത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ഇത്തരം നിർണ്ണായക നീക്കങ്ങൾ നടത്തുന്നത് ചട്ടലംഘനമാണെന്നും മോദി സർക്കാരിന്റെ ഈ ‘തട്ടിപ്പിനെ’ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് ഇടത് പാർട്ടികൾ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിനെ അക്രമികളുടെ ആൾക്കൂട്ടമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നും ബേബി വിമർശിച്ചു.

