Sat. May 16th, 2026

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറുന്ന പരസ്യമായ പ്രകടനങ്ങളിലും ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങളിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ പ്രവർത്തകരെ തെരുവിലിറക്കിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചും ഗ്രൂപ്പ് തിരിഞ്ഞും നടത്തുന്ന നീക്കങ്ങൾ പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുൻപായി കേരളത്തിലെ മുതിർന്ന നേതാക്കളുടെ നിലപാട് അറിയാൻ ഹൈക്കമാൻഡ് നീക്കം ഊർജ്ജിതമാക്കി. വി.എം. സുധീരനുമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈക്കമാൻഡ് നേരിട്ട് കൂടിക്കാഴ്ച നടത്തും. ഇതിനുപുറമെ, എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴി തേടാനും തീരുമാനിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിലെ നേതാക്കളുമായി ഇതിനോടകം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരിലാരെ അമരക്കാരനാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഓരോ വിഭാഗവും തങ്ങളുടെ നേതാവിനായി സമ്മർദ്ദം ശക്തമാക്കുന്നത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *